gst

തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി, മിക്ക സർക്കാർ ഓഫീസുകളിലും പ്രവർത്തനം പേരിന് മാത്രമാക്കിയെങ്കിലും, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ അസസ്മെന്റ് (നികുതി നിർണയം) ജീവനക്കാർക്ക് മാത്രം ഇരട്ടിപ്പണി.

ജി.എസ്.ടി വരുന്നതിന് മുമ്പുള്ള വാറ്റ് നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള അന്തിമശ്രമത്തിലാണ് ഇവർ. 2013-14ലെ വാറ്റ് നികുതി കുടിശ്ശികയുടെ അസസ്‌മെന്റ് ഉത്തരവ് വ്യാപാരികൾക്ക് മാ‌ർച്ച് 31 നു മുമ്പ് നൽകിയില്ലെങ്കിൽ കോടിക്കണക്കിന് രൂപ സർക്കാരിന് നഷ്ടപ്പെടും. സാധാരണ മാർച്ചിൽ പൂർത്തിയാക്കേണ്ട നികുതി നിർണയത്തിന്റെ പ്രവർത്തനം തലേ വർഷം ഏപ്രിലിൽ തുടങ്ങാറുള്ളതാണ്. എന്നാൽ ഇത്തവണ പുതുതായി ഇലക്ട്രോണിക് മൊഡ്യൂൾ തയ്യാറാക്കുകയും മാന്വലായി നടത്തേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ, മൊഡ്യൂളിനെക്കുറിച്ച് വ്യാപകമായി പരാതി ഉയരുകയും അധിക നികുതിക്ക് നോട്ടീസ് ലഭിച്ച ഒരു വ്യാപാരി ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടർന്ന് ധനമന്ത്രി ഇടപെട്ട് നികുതി നിർണയം നിറുത്തിവയ്ക്കുകയായിരുന്നു.

പിന്നീട് വാഹന പരിശോധന, കടപരിശോധന, എ.ജി ഓഡിറ്റ്, ഇന്റേണൽ ഓഡിറ്റ് എന്നിവ വഴി പൊരുത്തക്കേടുകൾ കണ്ടെത്തിയ റിട്ടേണുകളിൽ മാത്രം മാന്വലായി അസസ്‌മെന്റ് നടത്താനായി തീരുമാനം. നവംബ‍ർ അവസാനമാണ് ഈ ജോലി തുടങ്ങിയത്. വ്യാപാരികൾക്കെല്ലാം പ്രീ അസസ്‌മെന്റ് നോട്ടീസ് നൽകി. തുടർന്ന്, രേഖകൾ ഹാജരാക്കാൻ സമയമനുവദിക്കുകയും, പരാതികൾ കേൾക്കാൻ അവസരം നൽകുകയും ചെയ്ത ശേഷമാണ് അസസ്‌മെന്റ് ഓർഡർ നൽകേണ്ടത്. ഏഴ് വർഷം മുമ്പുള്ള രേഖകൾ പരിശോധിക്കുക,​ നികുതി നിർണയിക്കുക,​ ഉത്തരവുകൾ ടൈപ്പ് ചെയ്യുക,​ വ്യാപാരികൾക്ക് നേരിട്ട് പോയി നോട്ടീസ് നൽകുക തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാക്കണമെങ്കിൽ അസി. കമ്മിഷണർ,​ ഓഫീസർ,​ ക്ലാർക്ക്,​ ടൈപ്പിസ്റ്ര്,​ പ്യൂൺ,​ ഡ്രൈവർ ഇവരെല്ലാം കൂടി തയ്യാറാവണം. നാട്ടിലാകെ, കൊറോണ നിയന്ത്രണങ്ങൾ കൂടുമ്പോഴും, അസസ്‌മെന്റ് വിഭാഗത്തിലെ ബന്ധപ്പെട്ട ജീവനക്കാർ രാവിലെ മുതൽ രാത്രി വൈകുന്നത് വരെ ജോലി ചെയ്ത് നട്ടം തിരിയുന്നു.

'"കട തുറന്നില്ലെങ്കിൽ വ്യാപാരികൾക്ക് ഓൺലൈനായി അസസ്‌മെന്റ് ഓർഡർ നൽകിയാൽ മതിയെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മാർച്ച് 31 നകം എല്ലാവർക്കും ഓർഡർ നൽകാനാവുമെന്നാണ് പ്രതീക്ഷ"

-ത്യാഗരാജ ബാബു,​

അഡി. കമ്മിഷണർ,​

ജി.എസ്.ടി