കോവിഡ് എപ്പിഡെമിക്കിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇറ്റലിയിലാണ്. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ടവയിലൊന്ന് എന്നു പേരുകേട്ട അവരുടെ ആതുരശുശ്രൂഷാ സംവിധാനത്തിന് രോഗാതുരരെ എല്ലാവരെയും അർഹിക്കുന്ന രീതിയിൽ ശുശ്രൂഷിക്കാൻ കഴിയുന്നില്ല എന്നാണ് മനസിലാകുന്നത്.
ഇറ്റലിയിൽ പലപ്പോഴും ഇന്റൻസീവ് കെയർ ബെഡുകൾ ചെറുപ്പക്കാരായവർക്ക് മാറ്റിവച്ചുകൊണ്ട്, വൃദ്ധരെ രോഗത്തിന്റെ സ്വാഭാവിക പരിണാമത്തിലേക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നുവച്ചാൽ ശരിയായ ചികിത്സ കിട്ടാതെ അവർ മരിച്ചുപോകാനുള്ള സാദ്ധ്യതയും കൂടുതലാണെന്നർത്ഥം.
ഈ ഒരവസ്ഥയിൽ വല്ലാത്ത മാനസിക സംഘർഷം പ്രകടിപ്പിച്ചുകൊണ്ടും ധാർമ്മികരോഷത്തിനടിമപ്പെട്ടും പല പ്രമുഖരും സാമൂഹ്യമീഡിയകളിൽ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതുമയല്ല. പലപ്പോഴും അപര്യാപ്തമായ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരുപാടുപേർക്ക് ചികിത്സ കൊടുക്കേണ്ടിവരുമ്പോൾ ഇങ്ങനെയുള്ള പ്രയോറിറ്റൈസേഷൻ - മുൻഗണനാക്രമം പാലിക്കൽ - ചെയ്യേണ്ടിവരും. ആരും പരസ്യമായി സമ്മതിക്കാനോ, സംസാരിക്കാനോ പോലും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് അത്. ഒരു ഡോക്ടറും അറിഞ്ഞുകൊണ്ട് ഒരു രോഗിയോട് അനീതി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുകയില്ല. എന്നാൽ ദൈനംദിന ആരോഗ്യരക്ഷാപ്രവർത്തനങ്ങളിൽ, നിരന്തരം തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ, ചിലപ്പോഴെങ്കിലും നമുക്ക് ചിലരെ ഒഴിവാക്കേണ്ടിവരും. ഉദാഹരണത്തിന് പത്തു ബെഡ് മാത്രമുള്ള ഒരു ഇന്റൻസീവ് കെയർ യൂണിറ്റിൽ, തീക്ഷ്ണ പരിചരണം ആവശ്യപ്പെടുന്ന പതിമൂന്നു രോഗികളിൽ ആരെ ഒഴിവാക്കും എന്ന് തീരുമാനിക്കാൻ എളുപ്പമല്ല. അഥവാ ഏറ്റവും ആധുനികമായ ഹൃദയശസ്ത്രക്രിയാ സൗകര്യങ്ങൾ ഉള്ള ഒരു ആശുപത്രിയിൽ, ഒരാഴ്ച പത്തു സർജറികൾ ചെയ്യാൻ സാധിക്കുമെങ്കിൽ, ഇരുപതു രോഗികൾ എത്തുന്ന അവസ്ഥയിൽ പത്തുപേരെ ഒഴിവാക്കിയേ പറ്റൂ. പലപ്പോഴും ഇങ്ങനെയുള്ള അവസ്ഥകളിൽ ഡോക്ടർമാരുടെ രക്ഷക്കെത്തുന്നത് ചില നിയമങ്ങളാണ്. ഉദാഹരണത്തിന് നേരത്തെ പറഞ്ഞ ഓപ്പറേഷൻ ആവശ്യപ്പെടുന്ന രോഗികളുടെ കാര്യത്തിൽ, ആദ്യം രജിസ്റ്റർ ചെയ്തവരെ, അതായത് ആദ്യം ചികിത്സയ്ക്കത്തിയവരെ, ആദ്യം ഓപ്പറേറ്റു ചെയ്യുക എന്നതാണ് എല്ലാവരും അംഗീകരിച്ചിട്ടുള്ള രീതി. ഈ രീതിയുടെ ഏറ്റവും വലിയ ഗുണം, ആരെ ഒഴിവാക്കണം എന്നത് ഒരു ഡോക്ടറുടെയും വ്യക്തിപരമായ തീരുമാനമല്ല എന്നതാണ്. എന്നാൽ ഇത് എപ്പോഴും എല്ലാ രോഗികളോടും ചെയ്യുന്ന നീതി ആയിരിക്കുകയില്ല. കാരണം ചികിത്സ കാത്തു കഴിയുന്നവരിൽ ചിലരുടെ രോഗം വളരെ മൂർച്ഛിച്ച അവസ്ഥയിലായിരിക്കും. അങ്ങനെയുള്ളവർക്ക് മുൻഗണന കൊടുക്കേണ്ടതുണ്ട്. പക്ഷേ അതാരു തീരുമാനിക്കും എന്നുള്ളത് വളരെ വിഷമം പിടിച്ച ഒരു ചോദ്യമാണ്.
ഇങ്ങനെയുള്ള സങ്കീർണമായ തീരുമാനങ്ങളിലെ നൈതികത - എത്തിക്സ് - യെപ്പറ്റി ഒരുപാടു പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഈ പഠനങ്ങളുടെ ഒരു പൊതുരീതി, ഒരു സാങ്കല്പിക അവസ്ഥ - ഷെനാറിയോ - വിവരിച്ചിട്ട് , നിങ്ങൾ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് പഠനപങ്കാളികളോട് ചോദിക്കുക എന്നതാണ്. അവരുടെ ഉത്തരങ്ങളിൽ നിന്ന് മനുഷ്യരുടെ മാനസികാവസ്ഥയെക്കുറിച്ച് ശാസ്ത്രജ്ഞന്മാർക്ക് ഒരുപാട് അവഗാഹം കിട്ടും. സ്വാഭാവികമായും മനശാസ്ത്ര പഠന വിഭാഗത്തിലാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ഏറ്റവുമധികം അരങ്ങേറിയിട്ടുള്ളത്. അതിലേറ്റവും പ്രസിദ്ധമായ ഒരു പരീക്ഷണം ഇതാണ് ; നിങ്ങൾ ഒരു തീവണ്ടി ബോഗിയിലാണ്. അത് അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ ട്രാക്കിൽ ദൂരെ അഞ്ചുപേർ നിന്ന് എന്തോ പണി എടുക്കുന്നത് നിങ്ങൾ കാണുന്നു. പക്ഷേ ബോഗി നിർത്താൻ നിങ്ങൾക്കാവുന്നില്ല; കാരണം അതിന്റെ
. ബ്രേക്ക് പ്രവർത്തിക്കുന്നില്ല. പെട്ടെന്ന് നിങ്ങൾ കാണുന്നത് പാളത്തിൽ ഒരു പിരിവുണ്ട് - നിങ്ങൾക്കു വേണമെങ്കിൽ ബോഗിയെ ഒരു സൈഡിലുള്ള വേറൊരു പാളത്തിലേക്ക് പെട്ടെന്ന് തിരിച്ചുവിടാം. അതിനുള്ള നിയന്ത്രണം നിങ്ങൾക്കുണ്ട്. പക്ഷേ ഒരു പ്രശ്നം - ആ ട്രാക്കിലും ജോലി നടക്കുന്നുണ്ട് - ഒരാളേ ഉള്ളൂ എന്നു മാത്രം. ചുരുക്കി പറഞ്ഞാൽ നിങ്ങൾ ഒന്നും ചെയ്യാതിരുന്നാൽ അഞ്ചുപേർ മരിക്കാൻ ഇടയുണ്ട്; പക്ഷേ നിങ്ങൾ ബോഗി തിരിച്ചുവിട്ടാൽ ഒരാളേ മരിക്കുകയുള്ളു. നിങ്ങൾ ബോഗി തിരിച്ചുവിടുമോ?
മിക്കവാറും പേരുടെ ഉത്തരം ബോഗി തിരിച്ചുവിടും എന്നായിരിക്കും; കാരണം, അഞ്ചുപേർക്ക് പകരം ഒരാൾ മാത്രമേ അപകടത്തിൽ പെടുകയുള്ളൂ. പക്ഷേ ബോഗി തിരിച്ചുവിടുക എന്നുള്ളത് നമ്മൾ ബോധപൂർവം എടുക്കുന്ന തീരുമാനമാണ് - അതിന് നമ്മൾ ഉത്തരവാദിയാണ് എന്നതാണ് ചിലരെങ്കിലും ചിന്തിക്കുന്നത്, നേരെ മറിച്ചു, നേരെ പോകുന്ന ട്രെയിൻ അഞ്ചുപേരെ കൊന്നാൽ അതിൽ വ്യക്തിപരമായി നമ്മൾക്ക് ഉത്തരവാദിത്തമില്ല. അത് നിയന്ത്രിക്കാൻ നമുക്ക് കഴിയുമായിരുന്നില്ല.
ഇതുപോലെ ഒരവസ്ഥയിലാണ് നമ്മൾ പല തീരുമാനങ്ങളും എടുക്കുന്നത്.
അതുകൊണ്ട് തീക്ഷ്ണപരിചരണം ആവശ്യമുള്ള ഒരു ചെറുപ്പക്കാരനും വൃദ്ധനുമുള്ളപ്പോൾ, ഒരാൾക്കേ പരിചരണം കൊടുക്കുവാൻ വിഭവങ്ങൾ ഉള്ളു. എന്നിരിക്കേ, സമൂഹത്തിന് കൂടുതൽ പ്രയോജനപ്പെടും എന്നു നമ്മൾ വിധിക്കുന്ന (ഇത് ശരിയാവണമെന്നില്ല) ചെറുപ്പക്കാർക്ക് മുൻഗണന കൊടുക്കണം എന്ന ഒരു നിയമം വന്നിരിക്കാം. പക്ഷേ അത് വ്യക്തിപരമായി ഒരു ഡോക്ടറുടെ തീരുമാനം അല്ലാത്തിടത്തോളം കാലം അത് പാലിക്കപ്പെടും. ഇതായിരിക്കണം ഇറ്റലിയിലും ഒരുപക്ഷേ മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സംഭവിക്കുന്നത്. (ചൈനയിൽ ഇപ്രകാരമുള്ള തീരുമാനങ്ങൾ എങ്ങനെയാണ് എടുക്കുന്നത് എന്ന് നമുക്ക് അറിയാനും മാർഗമില്ല)
വൃദ്ധരെ പരിചരിക്കാതെ അവഗണിക്കുന്നു എന്ന് ധാർമ്മികരോഷം കൊള്ളുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ രാജ്യത്ത് എന്നും നടക്കുന്ന ഒരു കാര്യമാണിത്. നമ്മൾ അത് അറിയുന്നില്ല എന്നേയുള്ളൂ. ആശുപത്രിയിലേക്ക് എത്തിപ്പെടാൻ സാദ്ധ്യമല്ലാത്ത ഗ്രാമീണവാസികൾ, സാമ്പത്തികമായി ആശുപത്രി ചികിത്സയ്ക്ക് പ്രാപ്തരല്ലാത്തവർ എന്നിങ്ങനെ ഒരുപാടുപേരെ നമ്മൾ നിത്യേനയെന്നോണം ചികിത്സയിൽ നിന്ന് അകറ്റിനിറുത്തുന്നുണ്ട്. നമ്മുടെ കണ്ണിൽ പെടാത്തിടത്തോളം നമ്മെ അത് അലട്ടുന്നില്ല എന്നുമാത്രം !