തിരുവനന്തപുരം: കൊറോണ ഒരാളിൽ ബാധിച്ചാൽ അത് എത്ര പേരിലേക്ക് പടരും? പരമാവധി നാല് പേരിലേക്ക്. പറയുന്നത് മറ്റാരുമല്ല, ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്. ഇന്ത്യയുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഗണിതശാസ്ത്രപ്രകാരമുള്ള കണക്കുകൂട്ടലുകളിലൂടെയാണ് മെഡിക്കൽ കൗൺസിൽ ഈ വിലയിരുത്തലിലെത്തിയത്.
പകർച്ചവ്യാധികളുടെ ശക്തി അളക്കുന്നത് റിപ്രൊഡക്ഷൻ നമ്പർ എന്ന സൂചകം ഉപയോഗിച്ചാണ്. ഒരു പ്രദേശത്ത് എത്ര വേഗത്തിൽ പകർച്ച വ്യാധി വ്യാപിക്കുമെന്നാണ് ഇതുവഴി കണക്കാക്കുന്നത്. ആർ സീറോ, ആർ 1, ആർ 2 എന്നിങ്ങനെയാണ് പകർച്ചവ്യാധി എത്രത്തോളം ശക്തമാണെന്ന് അടയാളപ്പെടുത്താനുള്ള തോത് കണക്കാക്കുന്നത്. ഇത് ആർ 1ന് താഴെയാണെങ്കിൽ രോഗബാധ വൈകാതെ ഇല്ലാതാകും. രണ്ടിന് മുകളിലാണെങ്കിൽ സ്ഥിതി ഗുരുതരം.
ഫെബ്രുവരിയിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവില്ലാതിരുന്ന സമയത്തായിരുന്നു ഐ.സി.എം.ആർ ഈ പഠനം നടത്തിയത്. എത്ര പേരെ രോഗം ബാധിക്കുമെന്ന് കണ്ടെത്താനല്ല, രോഗപ്രതിരോധത്തിന് എന്തു മാർഗമാണ് സഹായിക്കുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം. സ്വയം നിയന്ത്രിച്ച് വീടുകളിൽ കഴിയുക എന്നത് തന്നെയാണ് രോഗം പടരാതിരിക്കാനുള്ള ഏറ്റവും വലിയ പോംവഴി.