photo

നെടുമങ്ങാട്: സർക്കാർ ജീവനക്കാരും മറ്റും വീട്ടിലിരിക്കുന്ന അവസരം മുതലാക്കാൻ വ്യാജ വാറ്റു ലോബി കച്ചകെട്ടുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ബാറുകൾ നിറുത്തലാക്കുകയും ബിവറേജസ് ഔട് ലെറ്റുകളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തുകയും ചെയ്ത തക്കത്തിനാണ് വാറ്റു ലോബി തലയുയർത്തിയത്. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ വാറ്റു ചാരായത്തിന്റെ ഒഴുക്ക് വ്യാപകമായതായാണ് ലഭിക്കുന്ന സൂചനകൾ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് വാറ്റുചാരായം എത്തിച്ചു കൊടുത്ത കേസിന്റെ പശ്ചാത്തലത്തിൽ കോട്ടൂർ, ഞാറനീലി, ഇലവുപാലം എന്നിവിടങ്ങളിൽ എക്സൈസ് റെയ്ഡ് ശക്തിപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ സ്തംഭനവും രോഗ വ്യാപനവും ഭീതി പരത്തിയ ഗ്രാമ പ്രദേശങ്ങളിൽ നാടൻ ചാരായത്തിന്റെ വിപണന രംഗത്തേയ്ക്ക് കടന്നുവരുന്ന യുവാക്കളുടെ എണ്ണം പെരുകുന്നതായാണ് അധികൃതർ നൽകുന്ന സൂചന. വാറ്റു ചാരായവും കാട്ടിറച്ചിയും തേടി പുറംനാടുകളിൽ നിന്ന് ട്രൈബൽ സെറ്റിൽമെന്റ് ഭാഗങ്ങളിൽ ഏതാനും സംഘങ്ങൾ താവളമുറപ്പിച്ചിട്ടുള്ളതായി ഫോറസ്റ്റ്-പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. രണ്ടായിരവും മൂവായിരവുമാണ് പ്രതിഫലം. താമസ സ്ഥലങ്ങളിൽ എത്തിച്ച് കൊടുത്താൽ അയ്യായിരം രൂപ വരെ ലഭിക്കും. വ്യാജച്ചാരായത്തിന്റെ പതിവായ ഉപയോഗം നിത്യരോഗികളാക്കിയ നൂറുകണക്കിന് കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. അംഗീകൃത ഷോപ്പിലൂടെ സർക്കാർ മദ്യം ആവശ്യാനുസരണം വിതരണം ചെയ്തു തുടങ്ങിയതോടെ പൂർണമായും നിലച്ച വാറ്റു ചാരായത്തിന്റെ ഒഴുക്കാണ് ഏറെനാളിനു ശേഷം വീണ്ടും ഊറിക്കൂടിയിരിക്കുന്നത്.

നഗരസഭയിലെ ഹൗസിംഗ് കോളനി, ഉണ്ടപ്പാറ, അരുവിക്കര എന്നിവിടങ്ങളിലും പാലോട്, പാങ്ങോട്, വിതുര, കുറ്റിച്ചൽ ആദിവാസി സങ്കേതങ്ങളിലുമാണ് നാടൻ ചാരായത്തിന്റെ ലഭ്യത സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ചില വീടുകൾ എക്സൈസ് സ്പെഷ്യൽ ഡ്രൈവ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്. വാറ്റ് ചാരായതിനു ഡിമാന്റ് ഏറിയതോടെ വീര്യം കൂട്ടാൻ വാറ്റുകാർ കുറുക്കുവഴികൾ തേടുന്നത് എക്സൈസ്, ആരോഗ്യ പ്രവർത്തകരിൽ ആശങ്ക പരത്തിയിട്ടുണ്ട്. പഴയ ബാറ്ററി തല്ലിപ്പൊട്ടിച്ച് പുളിക്കാൻ വെയ്ക്കുന്ന വാഷിൽ ചേർക്കുന്നതും അട്ട, പഴുതാര മുതലായവയെ ചതച്ചിടുന്നതും കീടനാശിനികൾ ചേർക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇരുപതോളം ബിവറേജസ് ഔട്ട് ലെറ്റുകളും പത്തിൽ താഴെ ബാറുകളുമാണ് മലയോര മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവ അനുവദിക്കും മുമ്പ് വൻ തോതിൽ നാടൻ ചാരായം വിറ്റഴിച്ചിരുന്ന പ്രദേശങ്ങളാണിവ. വാറ്റു ചാരായം അടക്കമുള്ള അനധികൃത ലഹരി പാനീയങ്ങളുടെ ഉപയോഗം തടയാൻ പാലോട്, കുറ്റിച്ചൽ എന്നിവിടങ്ങൾ കേന്ദ്രമാക്കി പുതുതായി എക്സൈസ് റേഞ്ചുകൾ ആരംഭിക്കണമെന്ന വകുപ്പുതല നിർദേശം ഫയലിൽ ഉറങ്ങുമ്പോഴാണ് വ്യാജവാറ്റ് സജീവമായിരിക്കുന്നത്. ജീവനക്കാരുടെയും വാഹനത്തിന്റെയും അഭാവവും ഫണ്ടിന്റെ അപര്യാപ്തതയും കാരണം ഉൾപ്രദേശങ്ങളിൽ കടന്നുചെന്ന് വാറ്റു ലോബിയെ അമർച്ച ചെയ്യാൻ കഴിയാതെ നിസ്സഹായരാണ് എക്സൈസ് ഉദ്യോഗസ്ഥർ.