കാട്ടാക്കട: കോവിഡ് പ്രതിരോധ മുൻകരുതൽ ലോക്ക് ഡൗണിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയതോടെ കാട്ടാക്കടയിൽ ഹർത്താലിന് സമാനം. രാവിലെ 7 മുതൽ അഞ്ചു വരെ അവശ്യ വസ്തുക്കൾക്കായി കടകൾ തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ പലയിടങ്ങളിൽ ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങാൻ തടിച്ചു കൂടാൻ തുടങ്ങി. ഇതോടെ പൊലീസ് ഇടപെടൽ സജീവമായി. അഞ്ചുപേരിൽ കൂടുതൽ ഉള്ളായിടങ്ങളിൽ എല്ലാം പൊലീസ് ഇവരെ തിരിച്ചയച്ചു. പോകാൻ കൂട്ടാത്തവരെ നിർബന്ധപൂർവ്വം കാര്യ ഗൗരവം പറഞ്ഞു മനസിലാക്കി തിരിച്ചയച്ചു. ജീപ്പിലും, ഇരുചക്ര വാഹനത്തിലും കാൽനടയായും പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ പരിധിയിൽ ബോധവത്കരണവും നിയന്ത്രണവുമായി രംഗത്തുണ്ട്. മെഡിക്കൽ സ്റ്റോർ അവശ്യ വസ്തു വില്പനകേന്ദ്രങ്ങളിൽ ചിലത് ഒഴികെ വ്യാപാര സ്ഥാപനങ്ങൾ എല്ലാം അടച്ചു. ഓട്ടോ സ്റ്റാണ്ടുകളിൽ 10 ഓട്ടോറിക്ഷയിൽ കൂടുതൽ ഇടരുതെന്നും പത്തു ഡ്രൈവർമാരും ഒരേ സ്ഥലത്ത് കൂടരുതെന്നും പൊലീസ് കർശന നിർദേശം നൽകി. വഴിയോര കച്ചവടം ഉൾപ്പടെ കാട്ടാക്കടയിൽ നിറുത്തി വയ്പ്പിച്ചു. കെ. എസ്.ആർ.ടി.സി പൂർണമായും സർവ്വീസുകൾ നിർത്തിവച്ചു. ആശുപത്രികൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ ജനത്തിരക്ക് ഇല്ല.സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാർ കുറവായിരുന്നു.