ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ 1,093 പേർ കൊറോണ നിരീക്ഷണത്തിൽ. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു എത്തിയ പ്രവാസികൾ, വിദ്യാർത്ഥികൾ ഇവരുടെ കുടുംബാംഗങ്ങൾ എന്നിവരാണുള്ളത്.

തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക് ഇങ്ങനെ: കരവാരം - 196, ആറ്റിങ്ങൽ - 146, മണമ്പൂർ - 117, പുളിമാത്ത് - 111, ഒറ്റൂർ - 106, ചെറുന്നിയൂർ-101, വക്കം - 99, കിളിമാനൂർ - 84, നഗരൂർ - 68,പഴയകുന്നുമ്മൽ - 65.

ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ താമസിക്കുന്ന ഒരാൾ ആശുപത്രി നിരീക്ഷണത്തിലാണ്. വക്കത്ത് രോഗലക്ഷണം പ്രകടിപ്പിച്ച അഞ്ച് പേർക്ക് പരിശോധന നടത്തി ഫലമറിഞ്ഞ നാലും നെഗറ്റീവാണ്. ശേഷിക്കുന്ന ഒരാളുടെ പരിശോധനാഫലം നാളെ അറിയുമെന്ന് പ്രതീക്ഷിക്കുന്നു. 29 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു.

വിദേശത്ത് നിന്ന് മടങ്ങി വരുന്നവരെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും ശത്രുക്കളായി കാണരുത്. അവർ വീടുകളിൽ തന്നെ കഴിയാനുള്ള ജനകീയ ഇടപെടലുകൾക്ക് മണ്ഡലത്തിലെ എല്ലാ സുമനസുകളുടെയും പിന്തുണയും സഹായ സഹകരണവും ഉണ്ടാകണമെന്ന് ബി. സത്യൻ എം.എൽ.എ അഭ്യർത്ഥിച്ചു. ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും നൽകുന്ന നിർദ്ദേശങ്ങൾ നന്മയ്ക്ക് വേണ്ടിയാണെന്ന് മനസിലാക്കണമെന്നും എം.എൽ.എ പറഞ്ഞു.