ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കൊറോണ പ്രതിരോധനത്തിനുവേണ്ടി ശക്തമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. ഇതുവരെയും നഗരസഭാ പരിധിയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഐസൊലേഷൻ വേണ്ടിവന്നാൽ പാർപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് കഴിഞ്ഞ ദിവസം സജ്ജമാക്കിയത്.
ആറ്റിങ്ങൽ ഗവ. ഹോമിയോ ആശുപത്രിയിൽ ഐ.പി വിഭാഗം പൂർണമായി നിറുത്തലാക്കി അവിടെ ഐസൊലേഷൻ വാർഡ് ക്രമീകരിച്ചു. അതുപോലെ വനിതാ ഹോസ്റ്റൽ, സ്പോർട്സ് ഹോസ്റ്റൽ, കോളേജ് വനിതാ ഹോസ്റ്റൽ എന്നിവിടങ്ങളാണ് ഐസൊലേഷൻ വാർഡാക്കി ക്രമീകരിച്ചിട്ടുള്ളത്. ആകെ 150 കിടക്കകളാണ് ക്രമീകരിച്ചത്.
വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ സന്ദർശകരെ പൂർണമായും നിരോധിക്കുകയും ഓപ്പറേഷൻ തിയേറ്റർ അടച്ചിടുകയും ചെയ്തു. അത്യാവശ്യം വേണ്ട സർജറി മാത്രമേ ഇവിടെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നടക്കുകയുള്ളുവെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് പറഞ്ഞു.
ആറ്റിങ്ങൽ നഗരസഭ സർക്കാർ ഓഫീസുകൾക്കുള്ള സാനിറ്റൈസർ, മാസ്ക് എന്നിവ കുടുംബശ്രീ യൂണിറ്റുകൾ വഴി നിർമ്മിച്ച് വിതരണം ആരംഭിച്ചു. സ്പിരിറ്റിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ ഹോമിയോ ആശുപത്രിയിലെ ക്രമീകരണങ്ങൾ പ്രയോജനപ്പെടുത്തി വരികയാണ്.
സർക്കാർ നിർദ്ദേശം ലംഘിച്ച് ചൊവ്വാഴ്ച തുറന്നു പ്രവർത്തിച്ച 6 വ്യാപാര സ്ഥാപനങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകി. അടുത്ത ദിവസംമുതൽ ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു.