നെയ്യാറ്റിൻകര: കൊറോണ വൈറസ് ബാധയെ തുടർന്ന് കടകൾ തുറക്കുന്നതിലും ആൾക്കാരുടെ സഞ്ചാരത്തിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾക്ക് തോന്നിയ വില. ഇന്നലെ പലവ്യഞ്ജനത്തിനും വീട്ടാവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന അത്യാവശ്യസാധനങ്ങൾക്ക് വിലകൂട്ടിയത് സാധാരണക്കാരായ ജനങ്ങൾക്ക് ഇരട്ടി പ്രഹരമാണ് നൽകിയത്. സാധനങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്ക് വർദ്ധിച്ചതോടെയാണ് വ്യാപാരികൾ വില കൂട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. മാസ്കുകളും സാനിറ്ററൈസറും കിട്ടാനുമില്ല. നെയ്യാറ്റിൻകര സബ് ജയിലിൽ 8 രൂപ നിരക്കിൽ മാസ്ക് വില്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചുവെങ്കിലും അവിടേയും വിലകൂട്ടി വില്ക്കുന്നതയാണ് പരാതി.
കേരള - കേരള അതിർത്തി റോഡുകൾ അടച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും അവശ്യ സാധനങ്ങൾ എത്താതെയായി. നെയ്യാറ്റിൻകരയിൽ കൂടുതലും സാധനങ്ങൾ എത്തിയിരുന്നത്. ചെക്ക് പോസ്റ്റുകൾ സഹിതം അടച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വ്യാപാരികൾ കുത്തനെ കൂട്ടി. പല കടകൾക്ക് മുന്നിലും സ്ഥാപിച്ചിരുന്ന വിലവിവര പട്ടിക എടുത്ത് മാറ്റി.
അതേ സമയം കൂടുതൽ സാധനങ്ങൾ സ്റ്റോക്കു ചെയ്യുവാനുള്ള സംവിധാനം ഇപ്പോൾ ഇല്ലാത്തത് കാരണം ഹോൾസെയിൽ ഡിപ്പോക്കാർ വില ഉയർത്തുന്നതാണ് റീട്ടെയിൽ വിപണിയിൽ പെട്ടെന്ന് വില വർദ്ധനവിന് ഇടയായതെന്നാണ് ചെറുകിടവ്യാപാരികൾ പറയുന്നത്.
ആശുപത്രി ക്യാന്റീനുകൾ നിർബദ്ധമായും തുറക്കണം എന്ന സർക്കാർ നിർദ്ദേശം നിലവിലുണ്ടെങ്കിലും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ക്യാന്റീൻ ഇല്ലാത്തത് ഇവിടത്തെ കിടപ്പുരോഗികളെ ദുരിതത്തിലാഴ്ത്തി. നെയ്യാറ്റിൻകര ടൗണിലാകട്ടെ ഹോട്ടലുകളൊന്നും തുറന്നിട്ടില്ല. ഹോട്ടലുകൾ തേടി കിലോമീറ്ററോളം സഞ്ചരിക്കേണ്ട ഗതികേടിലാണ് ജില്ലാ ആശുപത്രിയിലെ കൂട്ടിരുപ്പുകാർ.