വെഞ്ഞാറമൂട്: കൊറോണ വ്യാപനം തടയുന്നതിന് സർക്കാർ നിർദ്ദേശപ്രകാരം തദ്ദേശസ്ഥാപനങ്ങളും, പൊലീസും, ഫയർഫോഴ്സും സംയുക്തമായി ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുമ്പോഴും കോലിയക്കോട് ബിവറേജ്സ് ഔട്ട്ലെറ്റിന് മുന്നിൽ വൻ തിരക്ക്. ഇതിനെ തുടർന്ന് താക്കീതുമായി മാണിക്കൽ പഞ്ചായത്ത് രംഗത്തെത്തി. കഴിഞ്ഞ 20 ന് തിരക്ക് നിയന്ത്രണാതീതമായപ്പോൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ബിവറേജ്സ് ജീവനക്കാർക്ക് പഞ്ചായത്ത് നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കാതെ വന്നതിനെ തുടർ‌ന്ന് 23 ന് മാണിക്കൽ പഞ്ചായത്ത് ബിവറേജ്സ് ഔട്ട്ലെറ്റിന് മെമ്മോ നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ തുടർന്നും പ്രവർത്തിച്ചാൽ പഞ്ചായത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തുപ്രസിഡന്റ് സുജാത അറിയിച്ചു. വെെസ് പ്രസിഡന്റ് കുതിരകുളം ജയൻ, സെക്രട്ടറി പ്രേംശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്, വെഞ്ഞാറമൂട് പൊലീസ് സബ് ഇൻസ്പെക്ടർ മധു, ജനമെെത്രി കോ ഓർഡിനേറ്റർ ഷെരീഫ് വെഞ്ഞാറമൂട് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മെമ്മോ നൽകിയത്.