ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഒന്നരവർഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ കരുതലായുണ്ടെന്ന് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഡി.വി. പ്രസാദ് വ്യക്തമാക്കി.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രിൽ അവസാനത്തോടെ 100 മില്യൺ ടൺ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഒരുവർഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യൺ ടൺ മുതൽ 60 മില്യൺ ടൺവരെ ഭക്ഷ്യധാന്യങ്ങളാണ്. 2019 -20 വർഷത്തിൽ റെക്കാഡ് ശേഖരമാണ് ഗോഡൗണുകളിലുള്ളത്. ആരും സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട. അത് വിലക്കയറ്റത്തിനിടയാക്കും.
ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.