tharathankan

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ 2020 -21 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പ്രസിഡന്റ് എ.അൻസാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് താരാ തങ്കൻ അവതരിപ്പിച്ചു. ഉത്പാദന, സേവന, പശ്ചാത്തല മേഖലകളിലും വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും, കൊറോണ പോലുള്ള മാരക പകർച്ചവ്യാധികൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുള്ളതുമാണ് ബഡ്ജറ്റ്. 38.16 കോടി വരവും 37.15 കോടി ചെലവും 1.01 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. കേദാരം, ജീവനി, മട്ടുപ്പാവിൽ പച്ചക്കറി, ഫലവൃക്ഷതൈ വിതരണം എന്നീ പദ്ധതികൾക്കായി 63,50 ,090 രൂപയും മൃഗസംരക്ഷണം, കേരസമൃദ്ധി, കറവപ്പശുക്കൾക്ക് കാലിത്തീറ്റ, ആടുവളർത്തൽ എന്നീ പദ്ധതികൾക്കായി 48,70,000 രൂപയും പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനായി 14,02,800 രൂപയും അനുവദിച്ചു. എസ്.എസ്.എ വിഹിതം 15 ലക്ഷം, ആരോഗ്യ മേഖലയിൽ പകർച്ചവ്യാധി നിയന്ത്രണത്തിനും വിവിധ പദ്ധതികൾക്കുമായി 53 ലക്ഷം, കുടിവെള്ളം,ശുചിത്വം,മാലിന്യ സംസ്കരണം എന്നിവക്ക് 34 ലക്ഷം, ലൈഫ് ഭവന പദ്ധതിക്ക് 2..50 കോടി, അങ്കണവാടികൾക്കും മറ്റും ഭൂമി വാങ്ങുന്നതിന് 30 ലക്ഷം രൂപ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള വിവിധ പദ്ധതികൾക്ക് 15,15,000 രൂപ, വനിതാ - ശിശു -വൃദ്ധ - അഗതി ക്ഷേമത്തിന് 15,81,800 രൂപ, പട്ടികജാതിക്കാർക്കുള്ള വിവിധ പദ്ധതികൾക്കായി 1,60,44 ,000 രൂപ, തെരുവ് വിളക്കുകൾ,റോഡുകൾ,ലൈനുകൾ,പൊതുകെട്ടിടം,മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ നവീകരണത്തിനായി 6,83,85,000 രൂപയും വകയിരുത്തി. വിവിധ പെൻഷനുകൾക്കായി 9.6 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി 13,76,82,000 രൂപയും വകയിരുത്തിയിട്ടുണ്ട്.