photo

നെടുമങ്ങാട്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശകരെ വിലക്കി. സ്‌പെഷ്യൽ ഒ.പിയിലെ സൗകര്യം കണക്കിലെടുത്താണ് നടപടി. രണ്ടു പേ വാർഡുകളൊഴിപ്പിച്ച് ഐസൊലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. നഗരസഭ ഉൾപ്പടെ ജില്ലാ ആശുപത്രിയുടെ സേവന പരിധിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡുതല ജാഗ്രത സമിതികൾ കാര്യക്ഷമമാക്കി. വിദേശത്ത് നിന്ന് നാട്ടിൽ മടങ്ങിയെത്തിയവരും ഇതര സംസ്ഥാനങ്ങളിലും ജില്ലകളിലും യാത്ര ചെയ്‌തവരുമായ 250 പേരും അവരുമായി സമ്പർക്കം പുലർത്തിയവരുടെ 1000ഓളം വീടുകളും നിരീക്ഷണത്തിലാണ്. പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ വീടുകളിലെത്തി പരിശോധന നടത്തുന്നുണ്ട്. രോഗലക്ഷണമുള്ളവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ ' ദിശ' യുടെ സഹായത്തോടെ ആംബുലസ് സേവനം ലഭ്യമാക്കുന്നുണ്ട്. രോഗ ലക്ഷണമുള്ളവർ 1056 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ആംബുലൻസ് സേവനം ലഭിക്കും. ആശുപത്രിയിലെത്തുന്നവർ വാർഡുകളിൽ കറങ്ങി നടക്കരുതെന്നും ഒ.പിയോട് ചേർന്ന് ഡോക്ടറുടെ സാന്നിദ്ധ്യമുള്ള ഹെൽപ്പ് ഡെസ്‌ക് ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ശില്പയും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായരും പറഞ്ഞു. നേരത്തെ 1,700ലേറെ ദൈനംദിന ഒ.പി നടന്നിരുന്ന ജില്ലാ ആശുപത്രിയിൽ നിലവിൽ 700ൽ താഴെയാണ് ഒ.പി കൊറോണ ബോധവത്കരണ നടപടികളുടെ ഭാഗമായി കച്ചേരി ജംഗ്‌ഷനിൽ നഗരസഭ ബാനർ ഡിസ്‌പ്ളേ സ്ഥാപിച്ചിട്ടുണ്ട്.