
യുനാൻ: കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ നിന്ന് ഒരു പുതിയ വൈറസ് ഭീതി. ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഒരാൾക്ക് ഹാന്റ വൈറസ് പരിശോധനയിൽ പോസിറ്റീവ് ഫലം കണ്ടെത്തുകയും ഇയാൾ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തതോടെയാണ് പരിഭ്രാന്തി പരന്നിരിക്കുന്നത്. മറ്റ് 32 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
ഹാന്റ വൈറസ് സോഷ്യൽ മീഡിയയിൽ ഭീതിയുടെ ട്രെൻഡായി മാറി. കൊറോണ വൈറസിന് പിന്നാലെ പകർച്ചവ്യാധി ഉണ്ടാക്കാൻ തയ്യാറായ മറ്റൊരു വൈറസാണോ എന്ന സംശയമായിരുന്നു ആളുകളുടെ പരിഭ്രാന്തിക്ക് കാരണം. എന്നാൽ അത്ര ഭയക്കേണ്ട ഒന്നല്ല ഈ വൈറസ്. കാരണം മരണസാദ്ധ്യത ഉണ്ടെങ്കിലും കൊറോണയെപ്പോലെ പകർച്ച വ്യാധിയായി പകരുന്നവയല്ല ഇതെന്നതാണ് കണ്ടെത്തൽ.
എലികളും അണ്ണാനും ഉൾപ്പെടുന്ന മൂഷികവർഗത്തിൽപ്പെട്ട ജീവികളാണ് ഈ വൈറസിന്റെ ഉറവിടം. നല്ല ആരോഗ്യമുള്ളവർക്കും ഈ വൈറസ് ബാധയുണ്ടാവാൻ സാദ്ധ്യതയേറെയാണ്. അതേസമയം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേയ്ക്ക് ഈ വൈറസ് പകരില്ലെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നത്.