തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക്ഡൗണുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ജില്ലയിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ അമിതമായ തിരക്കുണ്ടാക്കുന്നത് ഒഴിവാക്കണം. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം നടത്തിയിട്ടുള്ള തയ്യാറെടുപ്പുകൾ തൃപ്‌തികരമാണ്. ജില്ലയുടെ 13 അതിർത്തി പ്രദേശങ്ങളിൽ ലോക്ഡൗണിന്റെ ഭാഗമായി പരിശോധനകൾ നടക്കുന്നുണ്ട്. 34 സ്‌ക്വാഡുകളാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നത്. കന്യാകുമാരി കളക്ടറുമായി തിരുവനന്തപുരം കളക്ടർ ചർച്ച നടത്തി അതിർത്തിയിലെ മറ്റ് ക്രമീകരണങ്ങൾ തീരുമാനിക്കും. പ്രതിരോധവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗൺ കാലയളവിൽ അവശ്യസേവനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ മന്ത്രി വിലയിരുത്തി. പാൽ, വെള്ളം, വൈദ്യുതി, പാചകവാതകം, ഭക്ഷ്യവസ്‌തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരിച്ചു. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, റൂറൽ എസ്.പി ബി. അശോക്, എ.ഡി.എം വി.ആർ. വിനോദ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.