milma

തിരുവനന്തപുരം : കൊറോണ മുൻകരുതലായി കേരളം അടച്ചു പൂട്ടിയതോടെ വില്പന നടക്കാതെ മിച്ചം വരുന്ന പാൽ സംസ്‌കരിച്ച് പാൽപ്പൊടിയാക്കാൻ മിൽമ ഒരുങ്ങുന്നു. ഹോട്ടലും തട്ടുകടയുമൊക്കെ അടയ്ക്കുകയും ആൾക്കാർ പുറത്തിറങ്ങാതാവുകയും ചെയ്തതോടെയാണ് സംഭരിക്കുന്ന പാൽ മിച്ചം വന്നത്.

മതിയായ സംഭരണ സംവിധാനം ഇല്ലാത്തതിനാൽ മലബാർ മേഖലയിൽ കഴിഞ്ഞ ദിവസം പാൽ ശേഖരിച്ചില്ല. പക്ഷേ,​ മിൽമയ്ക്ക് സ്ഥിരമായി പാൽ നൽകുന്ന ഒട്ടേറെ ക്ഷീരകർഷകർക്ക് ഇത് തിരിച്ചടിയായി. ഇന്നലെ കണ്ണൂർ, കാസർകോട്, കോഴിക്കോട് ‌ജില്ലകളിൽ പാൽ ശേഖരിക്കുന്നത് നിറുത്തിയതോടെ നൂറുകണക്കിന് കർഷകരാണ് ബുദ്ധിമുട്ടിയത്. തുടർന്നാണ് പാൽ മുഴുവൻ ശേഖരിക്കാനും മിച്ചം വന്നാൽ പൊടിയാക്കാനും തീരുമാനിച്ചത്. തിരുവനന്തപുരത്തെ അപേക്ഷിച്ച് മലബാ‌ർ മേഖലയിൽ നിന്നാണ് മിൽമയ്ക്ക് പാൽ കൂടുതൽ കിട്ടുന്നത്.

കേരളത്തിൽ സംവിധാനമില്ലാത്തതിനാൽ തമിഴ്നാട്ടിലോ കർണാടകയിലോ എത്തിച്ചാകും പൊടിയാക്കുക. പ്രയാർ ഗോപാലകൃഷ്ണൻ മിൽമ ചെയർമാൻ ആയിരുന്നപ്പോൾ ആലപ്പുഴ പുന്നപ്രയിൽ പൗഡർ പ്ലാന്റ് ആരംഭിച്ചിരുന്നു. പിന്നീട് പാലിന്റെ അളവ് കുറഞ്ഞതോടെ പ്ലാന്റ് പ്രവർത്തിക്കാതെ നശിച്ചു.

12.24 ലക്ഷം ലിറ്റർ: ജനതാ കർഫ്യു ദിവസം സംഭരിച്ച പാൽ
5. 03 ലക്ഷം ലിറ്റർ: അന്നത്തെ വില്പന

ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ ഇല്ലാത്തതിനാൽ വില്പനയിൽ കുറവുണ്ടാകും. ശേഷിക്കുന്ന പാൽ പൊടിയാക്കി മാറ്റുന്നതിന്റെ ചെലവ് മിൽമ തന്നെ വഹിക്കും.

-പി.എ. ബാലൻ മാസ്റ്റർ
മിൽമ ചെയർമാൻ