ചെന്നൈ: കൊറോണയിൽ സിനിമാ നിർമാണ മേഖല സ്തംഭിച്ചു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് നിറുത്തിവച്ചതിനാൽ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ യൂണിയൻ വർക്കേഴ്സിന് യാതൊരു വരുമാനവുമില്ലാതായി. ഇവരെ സഹായിക്കാൻ കഴിഞ്ഞ ദിവസം സൂര്യയുടെ കുടുംബം 10 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. ഇപ്പോഴിതാ ഫെഫ്സിക്ക് സംഭാവനയുമായി രംഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത്.
50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവനയായി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള 25ശതമാനം തുകയും സംഭാവനയായി നൽകിയിട്ടുള്ളത് രജനീകാന്താണ്. രാവും പകലും തമിഴ് സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് സെലിബ്രിറ്റികൾ പിന്തുണയറിയിക്കണമെന്ന പ്രസിഡന്റ് ആർ.കെ. സെൽവമണിയുടെ അഭ്യർത്ഥനയെത്തുടർന്നാണ് സഹായ പ്രവാഹമെത്തിയത്.
നടന്മാരായ വിജയ് സേതുപതി, ശിവ, കാർത്തികേയൻ എന്നിവർ 10 ലക്ഷം രൂപാ വീതവും നൽകിയിട്ടുണ്ട്.തമിഴിൽ മാത്രമല്ല മറ്റ് ഭാഷകളിലും സഹായഹസ്തവുമായി താരങ്ങൾ രംഗത്തെത്തുന്നുണ്ട്.
കോളിവുഡിൽ നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ശങ്കർ ചിത്രം ഇന്ത്യൻ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നിവയാണ് ഇതിൽ പ്രധാന സിനിമകൾ. ഇവയുടെ ചിത്രീകരണം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.