തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കിറക്കി തിരിച്ചു പോകുന്ന ലോറികളെ തമിഴ്നാട് ചെക്കു പോസ്റ്റുകളിൽ വ്യാപകമായി തടഞ്ഞിടുന്നു. ചരക്കില്ലെന്ന കാരണം പറഞ്ഞാണിത്.
ചരക്കുമായി അതേ ചെക്ക് പോസ്റ്റു വഴി കടന്നു പോയതിന്റെ രേഖകൾ കാണിച്ചിട്ടും ഫലമില്ല. ആദ്യം മുട്ടാപ്പോക്ക് ന്യായവും കൂടുതൽ തർക്കിച്ചാൽ വിരട്ടലുമാണ് ലോറി ഡ്രൈവർ നേരിടുന്നത്
കർണ്ണാടക അതിർത്തിയിൽ ഇത്തരത്തിൽ തിരിച്ചു പോകുന്ന ചരക്ക് ലോറികളെ തടയുന്നില്ല.. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ജീവനക്കാരുടെ കടുംപിടിത്തം കാരണം അമ്പതിലേറെ ലോറികൾ കടന്നു പോകാൻ കഴിയാതെ കിടപ്പാണ്. ആഹാരവും വെള്ളവുമില്ലാതെയാണ് ലോറിയിൽ വന്നവർ അതിർത്തിയിൽ കിടപ്പായത്. കൂടുതൽ ലോറികൾ എത്തിയതോടെ ഒരു സ്ഥലത്ത് കൂടുതൽ ആളുകൾ കേന്ദ്രീകരിക്കന്ന അവസ്ഥയുമുണ്ടായി. കൊറോണ പ്രതിരോധ മുന്നറിയിപ്പുകളും പാളുന്നു.. അതിർത്തികളിൽ എത്തുന്ന ലോറികളിൽ നിന്നും ചരക്ക് കേരളത്തിലെ വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോകണമെന്ന അപ്രയോഗീക നിലപാടിലാണ് തമിഴ്നാട് ഉദ്യോഗസ്ഥർ.. .
ചരക്കിറിക്കി പോകുന്നവരെ ഇങ്ങനെ ദ്രോഹിച്ചാൽ ,വീണ്ടും അവർ അതിർത്തി കടന്നു വരാൻ മടിക്കും. കേരളത്തിൽ ഭക്ഷ്യവസ്തുക്കൾക്കുൾപ്പെടെ ക്ഷാമം ഉണ്ടാകും. തമിഴ്നാട്ടിൽ ചരക്ക് നീങ്ങാതെ കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ടാകും. അതിർത്തി ചെക്ക് പോസ്റ്റുകളിൽ തമിഴ്നാട് ജീവനക്കാരുടെ തെറ്റായ നടപടികളെക്കുറിച്ച് സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ തമിഴ്നാട് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. വിവരം തമിഴ്നാട് ചീഫ് സെക്രട്ടറിയെയും അറിയിച്ചു.