തിരുവനന്തപുരം: നാടിനെ ഭീതിയിലാഴ്‌ത്തി കൊറോണ വൈറസ് പടരുന്നതിനിടെ അവതരിപ്പിച്ച നഗരസഭാ ബഡ്‌ജറ്റിൽ നാടിന്റെ അതിജീവനത്തിന് പ്രത്യേക കരുതൽ. കൊറോണയുൾപ്പെടെയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ 25കോടി രൂപയാണ് ബഡ്‌ജറ്റിൽ മാറ്റിവച്ചിരിക്കുന്നത്. ബോധവത്കരണം, പ്രതിരോധ പ്രവർത്തനം, ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കൽ, മെഡിക്കൽ സഹായം, എന്നിവയ്ക്ക് വേണ്ടിയാണ് ഈ തുക നീക്കിവച്ചത്. നിലവിലെ ഭരണസമിതിയുടെ അവസാന ബഡ്‌ജറ്റാണ് ഇന്നലെ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അവതരിപ്പിച്ചത്. 1288,13,90,435 രൂപ വരവും 1151,57,95,000 രൂപ ചെലവും 136,55,95,435 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണിത്.
കൊറോണയ്ക്കെതിരായ ശക്തമായ സുരക്ഷാമുൻകരുതലുകൾക്കിടെയാണ് ബഡ്‌ജറ്റ് അവതരണം നടന്നത്. എന്നാൽ ബഡ്‌ജറ്റ് അവതരണം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ചു.
ചർച്ച ചെയ്യാതെ ബഡ്‌ജറ്റ് പാസാക്കാൻ വേണ്ടിയാണ് കൊറോണക്കാലത്ത് അവതരിപ്പിക്കുന്നതെന്നും അത് ശരിയല്ലെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി.അനിൽകുമാർ പറഞ്ഞു.
ബഡ്‌ജറ്റ് ചർച്ച ഒഴിവാക്കുന്നത് ശരിയല്ലാത്തതിനാൽ രോഗ ഭീതി ഒഴിയുന്നത് വരെ ബഡ്‌ജറ്റ് മാറ്റിവയ്ക്കാൻ സർക്കാരിന്റെ അനുമതി തേടണമെന്ന് ബി.ജി.പി കക്ഷി നേതാവ് എം.ആർ. ഗോപനും ആവശ്യപ്പെട്ടു. എന്നാൽ ബഡ്‌ജറ്റ് പാസാക്കിയില്ലെങ്കിൽ ഭരണ പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ നിയമപരമായി മാറ്റിവയ്ക്കാനാവില്ലെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.
ഇതോടെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തുടർന്ന് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. യു.ഡി.എഫ് അംഗങ്ങൾ ബഡ്‌ജറ്റ് കീറിയെറിയുകയും ചെയ്തു. കെ.ശ്രീകുമാർ മേയറായ ശേഷമുള്ള ആദ്യബഡ്‌ജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്.
നൈറ്റ് ലൈഫും ജനത ഹോട്ടലും
സർക്കാർ പദ്ധതികളായ രാത്രിയും ഉണർന്നിരിക്കുന്ന നഗരം, 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനത ഹോട്ടൽ എന്നിവയ്ക്ക് വേണ്ടി നഗരസഭ 3.5 കോടിരൂപ മാറ്റിവച്ചു. നിശാഗന്ധിയിൽ നൈറ്റ് ലൈഫ് ഒരുക്കാൻ ഒരു കോടിയും ജനതഹോട്ടലിന് 2.5 കോടിയുമാണ് മാറ്റിവച്ചിരിക്കുന്നത്. നഗരത്തിലെ പത്ത് കേന്ദ്രങ്ങളിലാണ് ഇത്തരം ഹോട്ടലുകൾ തുടങ്ങുന്നത്.
മറ്റു പ്രഖ്യാപനങ്ങൾ
*ഫ്ലൈ പദ്ധതി (സൗജന്യ വൈഫൈ കേന്ദ്രങ്ങൾക്ക്) - 4 കോടി
* നഗരസഭാ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം- 2 കോടി
* ശുദ്ധമായ പാൽ, മുട്ട, പച്ചക്കറി, പഴവർഗങ്ങൾ
തുടങ്ങിയവ ലഭ്യമാക്കുന്ന പദ്ധതി - 1 കോടി
* ഓപ്പറേഷൻ അനന്ത രണ്ടാം ഘട്ടം -1 കോടി
*കുഞ്ഞുങ്ങളുടെ വീട്ട് മുറ്റത്തേക്ക് ലൈബ്രറി (ബാലലോകം) -25 ലക്ഷം
*പഠനത്തോടൊപ്പം ജോലി (വിദ്യാർത്ഥികളെയും കുടുംബശ്രീ പ്രവർത്തകരെയും ഉൾപ്പെടുത്തി ലേബർ ബാങ്ക്) - 50 ലക്ഷം
*ഇസാക്ഷ്യകിയോസ്‌ക് (കോർപറേഷനിൽ നിന്നു ലഭിക്കേണ്ട സേവനങ്ങൾ ആവശ്യമായ ഫീസ് നിക്ഷേപിച്ച് പ്രിന്റെടുക്കാൻ കഴിയുന്ന വൈൻഡിംഗ് മെഷീനുകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കും.)- 75 ലക്ഷം
*ഫീനിക്‌സ് (സാന്ത്വന പരിചരണത്തിലുള്ള രോഗികൾക്ക് നോട്ട് ബുക്ക്, കുട, പേപ്പർ പേന, ബാഗ് തുടങ്ങിയവ നിർമ്മിക്കാനും വിൽക്കാനുമുള്ള സഹായം) -25 ലക്ഷം
*വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം -5 കോടി
*കിള്ളിയാർ, തെക്കനംകര കനാൽ, പാർവതി പുത്തനാർ, കരമനയാർ തുടങ്ങിയവയുടെ ശുചീകരണം - 2 കോടി
* അഗ്രോ ബസാർ -1 കോടി
* സൈക്കിൾ പാത്ത് വേ -50 ലക്ഷം
* ട്രാൻസ്‌ജെൻഡേഴ്‌സിന് സ്ഥലത്തിനും വീടിനും - 2 കോടി
*മ്പൂർണ ആരോഗ്യ സർവെ, നഗരവാസികളുടെ ആരോഗ്യ ചാർട്ട് -1 കോടി
* മൊബൈൽ മെഡിക്കൽ ലാബ് -2കോടി
* മെഡിക്കൽ, പാരാ മെഡിക്കൽ ജീവനക്കാരുടെ ലേബർ ബാങ്ക് -75 ലക്ഷം
*ഋതു (സബ്‌സിഡിയോട് കൂടി മെൻസ്ട്രുവൽ കപ്പ്, ക്ലോത്ത് പാഡുകളും നൽകുന്ന പ്രോജക്ട്) - 3 കോടി
*മാനവീയം വീഥിയിൽ വായനമൂല - 10 ലക്ഷം
* മത്സ്യവിപണനത്തിന് പോർട്ടബിൾ കിയോസ്‌കുകൾ -30 ലക്ഷം
*വീട്ടിൽ ഒരു കിണർ -1 കോടി
* റസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പെക്‌സ് ബോഡി -10 ലക്ഷം
* ഇതര സംസ്ഥാന ലേബർ കാർഡ് -5 ലക്ഷം
* കാഞ്ഞിരംപാറ, ചെമ്പഴന്തി, ആറ്റിപ്ര, ശ്രീകാര്യം എന്നീ കോളനികൾ നവീകരിച്ച് മോഡൽ വില്ലകൾ -5 കോടി