myanmar

യംഗൂൺ: മ്യാൻമാറിൽ ആദ്യ കൊറോണ കേസുകൾ സ്ഥിരീകരിച്ചു. 54 ദശലക്ഷം ജനങ്ങൾ പാർക്കുന്ന മ്യാൻമാറിൽ ഇതേ വരെ ഒരു കേസ് പോലും റിപ്പോ‌ർട്ട് ചെയ്തിരുന്നില്ല. 214 പേരുടെ സാമ്പിളാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാൻമാർ പൗരന്മാരുടെ ഫലമാണ് പോസിറ്റീവായത്. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ 36കാരനും യു.കെയിൽ നിന്ന് തിരിച്ചെത്തിയ 26കാരനുമാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

ഏറ്റവും ജനസംഖ്യകൂടിയ തെക്ക് - കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നായ മ്യാൻമാർ കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയുമായി അതിർത്തി പങ്കിടുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ കര അതിർത്തികളെല്ലാം കഴിഞ്ഞാഴ്ച തന്നെ മ്യാൻമാർ അടച്ചിരുന്നു. ആളുകൾ ഒത്തുകൂടുന്നതും നിരോധിച്ചിരുന്നു. ബാറുകളും റെ‌സ്‌റ്റോറന്റുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും സിനിമാ തിയേറ്ററുകളും മറ്റും അടഞ്ഞു കിടക്കുകയാണ്.