
വർക്കല: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരുടെ വൻതിരക്ക് അനുഭവപെട്ടതിനെ തുടർന്ന് വർക്കലയിലെ പബ്ലിക് മാർക്കറ്റുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ പൊലീസ് തീരുമാനിച്ചു. പുന്നമൂട് മാർക്കറ്റിലാണ് ഇന്നലെ രാവിലെ മുതൽ വലിയ തിരക്ക് അനുഭവപ്പെട്ടത്. മീൻ, പച്ചക്കറി, പഴവർഗങ്ങൾ എന്നിവയ്ക്ക് വരുംദിവസങ്ങളിൽ ദൗർലഭ്യമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ മാർക്കറ്റിൽ കൂട്ടമായെത്തിയത്. തിരക്ക് കൂടിയതോടെ പുന്നമൂട് ജംഗ്ഷനിലുണ്ടായിരുന്ന പിങ്ക് പൊലീസ് ഇടപെട്ടു. എന്നിട്ടും ആൾകൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ കൂടുതൽ പൊലീസെത്തി മാർക്കറ്റിന്റെ മുൻവശത്തെ കവാടത്തിൽ വടംകെട്ടി ഒരുസമയം അഞ്ച്പേരെന്ന കണക്കിൽ മാർക്കറ്റിനകത്ത് ആളെ കയറ്റിവിട്ടു. സാധനംവാങ്ങി മറുവശത്തെ വഴിയിലൂടെ അവരെ പുറത്തേക്കും വിട്ടു. ഉച്ചഭാഷിണിയിലൂടെ നിയന്ത്രണ മുന്നറിയിപ്പുകളും നൽകികൊണ്ടിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മാർക്കറ്റ് പിരിയും വരെ പൊലീസും നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. പുത്തൻചന്ത മാർക്കറ്റിലും തിരക്കുണ്ടായിരുന്നെങ്കിലും ആളുകൾ സ്വയം നിയന്ത്രിക്കുന്നുണ്ടായിരുന്നു. ഇവിടെയും പൊലീസെത്തി മുന്നറിയിപ്പ് നൽകി. പുന്നമൂട്, കരുനിലക്കോട്, പുത്തൻചന്ത, വെട്ടൂർ, വിളബ്ഭാഗം, മൈതാനം, താലൂക്കാശുപത്രി ജംഗ്ഷൻ, വാവുകട, ചെറുന്നിയൂർ അമ്പിളിച്ചന്ത തുടങ്ങി എല്ലാ പബ്ലിക് മാർക്കറ്റുകളും ഇന്ന് മുതൽ അടച്ചിടാനാണ് തീരുമാനം.