തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങൾ വരെ അടച്ചിട്ടിട്ട് ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിതരണശാലകൾ തുറന്നിടാൻ പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച നടപടി അങ്ങേയറ്റം അപഹാസ്യമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പറഞ്ഞു. പഞ്ചാബിൽ ബാറുകളും മറ്റെല്ലാ മദ്യവിതരണ കേന്ദ്രങ്ങളും അടച്ചുപൂട്ടിയതാണ്. പഞ്ചാബ് സർക്കാരിന്റെ അവശ്യവസ്തു പട്ടികയിൽ ബിവറേജസ് (പാനീയം) എന്നു കണ്ട് തെറ്റദ്ധരിച്ചതാണെങ്കിൽ മുഖ്യമന്ത്രി ഉടനടി തെറ്റ് തിരുത്തണം. മദ്യപാനം കൊറോണാ വൈറസ് രോഗത്തിന് ആക്കം കൂട്ടുമെന്ന വിദഗ്ദ്ധാഭിപ്രായം വന്നിട്ടും സർക്കാർ നിലപാടു മാറ്റാത്തത് പ്രതിഷേധാർഹമാണ്. ജനസമ്പർക്കം കുറയ്ക്കാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് അപ്പോൾ എന്ത് പ്രസക്തിയാണുള്ളത്? കടങ്ങൾക്ക് മോറട്ടോറിയം നൽകാൻ അനുകൂലമായ നിലപാട് ബാങ്കുകൾ എടുത്തെങ്കിലും ജനുവരി 31 വരെ കുടിശികയില്ലാതെ തിരിച്ചടവ് നൽകിയ ഇടപാടുകാർക്കായി ഈ ആനുകൂല്യം പരിമിതപ്പെടുത്തിയാണ് ഉത്തരവിറങ്ങിയത്. ഇതനുസരിച്ചാണെങ്കിൽ അർഹിക്കുന്ന ആർക്കും ആനുകൂല്യം ലഭിക്കില്ല. മുഖ്യമന്ത്രി ഈ കാര്യത്തിൽ വീണ്ടും ഇടപെട്ട് ഉചിതമായ നടപടികൾ കൈക്കൊള്ളണം. സൗജന്യ റേഷനോടൊപ്പം ഓണക്കാലത്തെ പോലെ അരിയും അവശ്യസാധനങ്ങളുമടങ്ങിയ കിറ്റ് കൊടുക്കാൻ സർക്കാർ തയാറാകണം. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.