വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ബഡ് ജറ്റ് അവതരണത്തിനിടയിൽ വൻബഹളം. പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിയെ തടഞ്ഞുവച്ചു. രണ്ടു പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡുചെയ്തു.

ഇന്നലെ മൂന്നുമണിയോടുകൂടിയാണ് കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ബഡ്ജറ്റ് അവതരണ യോഗം പ്രസിഡന്റ് അരുണിന്റെ അദ്ധ്യക്ഷതയിൽ ചേർന്നത്. വൈസ് പ്രസിഡന്റ് സജിത ബഡ്ജറ്റ് അവതരിപ്പിച്ചു. ചർച്ച തുടങ്ങുന്നതിനു മുമ്പ് കൊറോണ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കി. അതോടെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ, ബി.ജെ.പി അംഗം കാലായിൽ വാർഡ് മെമ്പർ മോഹനൻ നായരെയും യു.ഡി.എഫിലെ പാലിയോട് മെമ്പർ ആനന്ദവല്ലിയെയും സസ്പെൻഡുചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിയെ തടഞ്ഞുവച്ചത്. ഇതിനിടയിൽ ബഡ്ജറ്റ് പാസാക്കി ഭരണ പക്ഷം സ്ഥലം വിട്ടു. 21 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ എൽ.ഡി.എഫിന് 10 ഉം യു.ഡി.എഫിന് 8 ഉം ബി.ജെ.പിക്ക് 3ഉം അംഗങ്ങളുമാണ് ഉള്ളത്. ബഡ്ജറ്റിൽ വിയോജനകുറിപ്പ് ഉണ്ടെന്നും ഇത് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടറിയെ തടഞ്ഞുവച്ചത്. വെള്ളറ എസ്.ഐ സതീഷ് ശേഖറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി സെക്രട്ടറിയെ മോചിപ്പിച്ചു. പിന്നീട് കുത്തിയിരുന്ന പ്രതിപക്ഷ അംഗങ്ങൾ പിരിഞ്ഞുപോയി.