തിരുവനന്തപുരം : തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നെയ്യാറ്റിൻകര ഭാഗത്തേക്ക് ബസ് കാത്തു നിൽക്കുന്നവർക്കായി കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
2019 ഒക്ടോബർ 30 ന് പാസാക്കിയ ഉത്തരവ് നടപ്പിലാക്കാത്തതിന്റെ കാരണം കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. തമ്പാനൂരിലെ ബസ് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത് കേരള ട്രാൻസ്‌പോർട്ട് ഫിനാൻസ് കോർപറേഷനാണെന്നും അവിടെ നിർമ്മാണം നടത്താൻ തങ്ങൾക്ക് അധികാരമില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചത്.
എന്നാൽ നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള യാത്രക്കാർ ബസിൽ കയറിയിരുന്നത് ടെർമിനലിന് ഉള്ളിൽ നിന്നായിരുന്നു. അവരെ ടെർമിനലിന് പുറത്തേക്ക് മാറ്റിയത് കേരള ട്രാൻസ്‌പോർട്ട് ഫിനാൻസ് കോർപറേഷന്റെ തീരുമാനപ്രകാരമല്ല. ഈ സാഹചര്യത്തിൽ ടെർമിനലിന് പുറത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം കെ.എസ്.ആർ.ടി.സി തന്നെ നിർമ്മിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. അഞ്ച് മാസം കഴിഞ്ഞിട്ടും കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാത്തതിനെതിരെ പൂജപ്പുര സ്വദേശി എം. വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്.