തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാൻ ലോക് ഡൗൺ പ്രഖ്യാപിച്ച സർക്കാർ നടപടി വകവയ്ക്കാതെ ജനം തെരുവിലിറങ്ങിയത് പൊലീസിനെ വലച്ചു. രാവിലെ മുതൽ തലസ്ഥാനത്ത് കൂട്ടത്തോടെ വാഹനങ്ങൾ റോഡിലിറങ്ങി. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ആട്ടോറിക്ഷകളും ടാക്സികളുമെല്ലാം റോഡിലെത്തിയതോടെ പൊലീസ് ഉണർന്നു. ഹോട്ടലുകളിൽ ആളുകൾക്ക് ഭക്ഷണം വിളമ്പരുതെന്ന നിർദ്ദേശം ഹോട്ടലുടമകൾ വകവച്ചില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്നതല്ലാത്ത കടകളും തുറന്നു. ഇതോടെ സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇറങ്ങി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ ഉച്ചയോടെ റോഡിലിറങ്ങി അനാവശ്യമായി യാത്ര ചെയ്തവരെ മടക്കിഅയച്ചു. അനധികൃതമായി തുറന്ന കടകളെല്ലാം അടപ്പിച്ചു. എന്നാൽ കമ്മിഷണർ മടങ്ങിയതിന് പിന്നാലെ വാഹനഗതാഗതം പഴയപടിയായി. ഇതോടെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കേശവദാസപുരത്ത് റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞു. ആളുകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. ആദ്യ ദിവസത്തെ പ്രശ്നമാണിതെന്നും ഇന്നുമുതൽ പൊലീസ് ഇങ്ങനെയായിരിക്കില്ലെന്നും ബെഹ്റ മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ നിയമനടപടികൾ എടുക്കാൻ ഡി.ജി.പി പൊലീസിനോട് നിർദ്ദേശിച്ചു. വൈകിട്ട് അഞ്ചിന് കടകൾ അടയ്ക്കാനും ആളുകൾ വിമുഖത കാട്ടി. മിക്കയിടത്തും പൊലീസ് ബലം പ്രയോഗിച്ചാണ് കടകൾ അടപ്പിച്ചത്. പേട്ടയിലെ ബേക്കറി പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിപ്പിച്ച് അടപ്പിച്ചു. എണ്ണയിൽ വറുക്കുന്ന ചിപ്സ് അവശ്യ വസ്തുവാണെന്ന വാദവുമായി ഉറച്ചു നിൽക്കുകയായിരുന്നു കടയുടമ. ശക്തമായ താക്കീത് നൽകിയാണ് പൊലീസ് ഈ കട അടപ്പിച്ചത്. അതേസമയം, മത്സ്യ വിൽപ്പന നടത്തുന്ന സ്ത്രീകൾക്ക് മീൻ മാർക്കറ്റുകളിലെത്താൻ പൊലീസ് സഹായം ചെയ്തു നൽകി.
നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ 19 സ്ഥലത്തടക്കം 38 ഇടത്ത് പൊലീസ് വാഹനങ്ങൾ തടഞ്ഞ് നിറുത്തി കാര്യങ്ങൾ തിരക്കി. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. എന്നാൽ മടങ്ങിപ്പോയ പലരും മറ്റ് വഴികളിലൂടെയും മറ്റും വീണ്ടും കറങ്ങി നടന്നതോടെ പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.
കൂടുതൽ യാത്രക്കാരെ കൊണ്ടുപോയ ആട്ടോറിക്ഷകൾ തടഞ്ഞ് കർശന നിർദ്ദേശം നൽകി. നഗരത്തിൽ ഉത്തരവ് ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ 113 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആറ്മാസം വരെ തടവും പിഴയും ലഭിക്കുന്നതാണ് കുറ്റം. ഉച്ചയ്ക്ക് ശേഷവും പൊലീസ് കർശന പരിശോധന തുടർന്നു. പരിശോധനയും മറ്റും കാണാനായി ബൈക്കുകളിൽ കറങ്ങിനടക്കുന്ന ചെറുപ്പക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്യും.
ഗ്രാമപ്രദേശങ്ങളിലെ ചന്തകളിലും ജംഗ്ഷനുകളിലും വലിയ തിരക്കാണനുഭവപ്പട്ടത്. നെയ്യാറ്റിൻകരയിൽ പല ചന്തകളിലും പൊലീസെത്തി ജനങ്ങളെ ഒഴിപ്പിച്ചു. സാധരണ പോലെ ഓട്ടം പോയ ആട്ടോകൾക്കും താക്കീത് നൽകി. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ഓടരുതെന്നാണ് ഇവർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. നെടുമങ്ങാട്ടും ഇത് തന്നെയായിരുന്നു സ്ഥിതി. തുടർന്ന് പൊലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങിയവരെ വീടുകളിലേക്ക് തിരിച്ചയച്ചു. എന്നാൽ കൊറോണ വ്യാപന ഭീഷണി നിലനിൽക്കുന്ന വർക്കലയിൽ പൊതുവെ ജനങ്ങൾ നിരത്തിലിറങ്ങിയില്ല. ചന്തകളിലും വ്യാപാര കേന്ദ്രങ്ങളിലും തിരക്കുണ്ടായിരുന്നു. നഗരത്തിലടക്കം ജില്ലയിലെ പല പ്രദേശങ്ങളിലും വ്യാപാരികൾ കടകൾ തുറന്നു. എന്നാൽ അവശ്യസാധനങ്ങൾ ഒഴിച്ചുള്ള കടകൾ പൊലീസ് അടപ്പിച്ചു. ഇത് ആദ്യം ചില വ്യാപാരികൾ എതിർത്തെങ്കിലും പൊലീസ് കടുപ്പിച്ചതോടെ അവരും കടകൾ അടച്ചു. ചായക്കടകൾ, ജ്യൂസ് കടകൾ, ബേക്കറികൾ എന്നിവയും അടപ്പിച്ചു. നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ പൊലീസ് അത്യാവശ്യ പട്ടികയിൽ വരാത്ത കടകൾ അടപ്പിച്ചു.