lock-down

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാൻ സംസ്ഥാനം അടച്ചിട്ടതിനെ ആദ്യ ദിനം ജനം ലാഘവത്തോടെയാണ് കണ്ടത്. മിക്ക ജില്ലകളിലും ആൾക്കാർ രാവിലെ മുതൽ വാഹനങ്ങളുമായി റോഡിലിറങ്ങി. ആട്ടോറിക്ഷയിലും ടാക്സികളിലും ചുറ്റിക്കറങ്ങി. ആശുപത്രിയിലേക്കെന്ന് കള്ളം പറഞ്ഞും വാഹനങ്ങൾക്ക് മുന്നിൽ അങ്ങനെ ബോർഡെഴുതി വച്ചും യാത്ര ചെയ്തു.

ഒടുവിൽ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ജില്ലാ പൊലീസ് മേധാവികളും കളക്ടർമാരും റോഡിലിറങ്ങി വാഹനവുമായെത്തിവരെ തിരിച്ചുവിടുകയും കടകൾ അടപ്പിക്കുകയും ചെയ്തു. ഇന്നുമുതൽ കടുത്ത നടപടിയുണ്ടാവുമെന്ന് ബെഹ്റ മുന്നറിയിപ്പ് നൽകി. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ എല്ലാ ജില്ലകളിലും കേസെടുത്തിട്ടുണ്ട്. കാസർകോട്ട് ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളൊഴികെ തുറക്കരുതെന്ന നിർദ്ദേശം വ്യാപാരികളും വകവച്ചില്ല. തലസ്ഥാനത്ത് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ ഉച്ചയ്ക്ക് നേരിട്ടിറങ്ങി കടകൾ അടപ്പിച്ചു. അനാവശ്യ യാത്രയ്ക്കെത്തിയവരെ മടക്കി അയച്ചു. കൊല്ലത്ത് പൊലീസ് കമ്മിഷണർ ടി.നാരായണനും കളക്ടർ അബുദുൾ നാസറും ജനത്തിരക്ക് നിയന്ത്രിക്കാൻ ഒരുമിച്ചിറങ്ങി.

കോട്ടയത്ത് നിരീക്ഷണത്തിലുള്ളവരെ ജി.പി.എസ് അധിഷ്‌ഠിത സംവിധാനമുപയോഗിച്ച് നിരീക്ഷിക്കാൻ എസ്.പി ജി. ജയദേവ് സംവിധാനമൊരുക്കി. കൊച്ചി, കോഴിക്കോട് നഗരങ്ങളിലും വാഹനങ്ങളുടെ ഒഴുക്കായിരുന്നു. കാസർകോട്ട് ഇന്നലെയും റോഡിലിറങ്ങിയവരെ തുരത്താൻ പൊലീസ് ലാത്തിവീശി.

തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും നേരിട്ട് തെരുവിലിറങ്ങി വാഹനഗതാഗതം തടഞ്ഞ് അനാവശ്യ യാത്രയ്ക്കെത്തിയവരെ മടക്കി അയച്ചു.

പൊലീസിന്റെ പാസ് കൈവശം വയ്ക്കണം

അവശ്യസേവനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വിഭാഗത്തിൽപ്പെട്ടവർ പൊലീസ് നൽകുന്ന പാസ് കൈവശം സൂക്ഷിക്കണം. ജില്ലാ പൊലീസ്‌ മേധാവിമാരാണ് പാസ് നൽകുന്നത്. ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രി ജീവനക്കാർ, ഡാ​റ്റാ സെന്റർ ഓപ്പറേ​റ്റർമാരും ജീവനക്കാരും, മൊബൈൽ ടവറുമായി ബന്ധപ്പെട്ട ജീവനക്കാർ, സർക്കാർ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും, കൊറോണ പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, പാൽ, പത്ര വിതരണക്കാർ, മെഡിക്കൽ ഷോപ്പ്, ഭക്ഷ്യ- പലചരക്ക് കടകൾ, പെട്രോൾ പമ്പ്, പാചകവാതക വിതരണം എന്നിവിടങ്ങളിലെ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ എന്നിവർക്കാണ് പാസ് നൽകുന്നത്. സർക്കാർ ജീവനക്കാർക്കും മാദ്ധ്യമ പ്രവർത്തകർക്കും അവരുടെ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ കാർഡ് മതിയാകും.

സമ്പൂർണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കും. അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എല്ലാ റാങ്കിലെയും പൊലീസ് ഉദ്യോഗസ്ഥർ നിരത്തിലിറങ്ങും. സ്വകാര്യ വാഹനങ്ങൾ മരുന്നും മ​റ്റ് അവശ്യ സാധനങ്ങളും വാങ്ങാനുളള യാത്രയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ.

- പൊലീസ് മേധാവി

ലോക്‌നാഥ് ബെഹ്‌റ.