തിരുവനന്തപുരം : ഇന്നലെ ജില്ലയിൽ പുതുതായി 447 പേർ നിരീക്ഷണത്തിലായതോടെ 5,919 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 42 പേരെ പ്രവേശിപ്പിച്ചു. അസുഖം ഭേദമായ മൂന്നു പേരെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 2 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരും എസ്.എ.ടി ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 90 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ ലഭിച്ച 62 പരിശോധനാഫലവും നെഗറ്റീവാണ്. പുതുതായി 65 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 875 സാമ്പിളുകളിൽ 738 പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടുണ്ട്. നേരത്തെ പോസിറ്റീവായ നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തു. കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെയും ഐ.എം.ജി ഹോസ്റ്റലിൽ 34 പേരെയും വേളി സമേതി ഹോസ്റ്റലിൽ 18 പേരെയും താമസിപ്പിച്ചിട്ടുണ്ട്.


ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ112 യാത്രക്കാരെ സ്ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 4 പേരെ റഫർ ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 40 യാത്രക്കാരെ സ്ക്രീൻ ചെയ്തു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 4 പേരെ റഫർ ചെയ്തു. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ 465 പേരെ സ്ക്രീൻ ചെയ്തു. അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിൽ ആകെ 8771 യാത്രക്കാരെയും സ്ക്രീനിംഗ് നടത്തി.


 ആകെ നിരീക്ഷണത്തിലായവർ - 6862

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -5919

 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -90

ഇന്ന് പുതുതായി നിരീക്ഷണത്തിലായവർ - 447

സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം തുടങ്ങി. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിലോ ഡോക്ടർമാരുടെ വീട്ടിൽ പരിശോധനയ്ക്കോ എത്തുന്നവരെ സംബന്ധിച്ച് കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതിനായി www.fightcovid.online എന്ന വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. അടിയന്തരമായി ചികിത്സ വേണ്ട സാഹചര്യത്തിൽ 1077 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടണം.

ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം

ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രത്യേക പരിശീലനം നൽകും. ജില്ലാ ഭരണകൂടത്തിന്റെയും ഐ.എം.എയുടെയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവർക്ക് സമയക്കുറവും നിലവിലുള്ള സാഹചര്യവും കണക്കിലെടുത്ത് ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെയാണ് പരിശീലനം നൽകുന്നത്.

കെയർ ഹോം സജ്ജീകരണങ്ങളൊരുക്കി പഞ്ചായത്തുകൾ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. വിവിധ പഞ്ചായത്തുകളിലായി ആശുപത്രികൾ, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ മുതലായവ കെയർ ഹോമിന് ഉതകുന്നതാണോ എന്ന് പരിശോധിക്കുന്നുണ്ട്.
നിലവിൽ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ 350 പേർക്കുള്ള കിടക്ക,വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ 150 പേർക്കും കുളത്തൂർ പഞ്ചായത്തിലെ സുനാമി ഷെൽറ്ററിൽ 50 പേർക്കും, പാറശാല ബഡ്‌സ് സ്കൂളിൽ 20 പേർക്കും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുകയാണ്.