rice-india

തിരുവനന്തപുരം: സംസ്ഥാനം അടച്ചിടുന്ന സാഹചര്യത്തിൽ അരി ഉൾപ്പെടെയുള്ള അവശ്യവസ്കുക്കൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഭക്ഷ്യവകുപ്പ് സ്വീകരിച്ചു. പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിപണനം ചെയ്യുന്നതിനായി മൂന്നു മാസത്തേക്കുള്ള അരിയും ഗോതമ്പും ഭക്ഷ്യവകുപ്പ് സ്റ്റോക്കു ചെയ്യും. അത്രയും നാളത്തേക്കുള്ളത് സപ്ലൈകോ മുഖേനയും സ്റ്റോക്ക് ചെയ്യും.

ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനായി സംസ്ഥാനങ്ങൾക്ക് ആറു മാസത്തേക്കുള്ള ധാന്യം നൽകാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തയ്യാറായിരുന്നു. ആറു മാസത്തേക്കുള്ളവ മുൻകൂട്ടി വാങ്ങി സൂക്ഷിക്കാനുള്ള ഗോഡൗൺ സൗകര്യം സംസ്ഥാനത്തില്ല. ഇതിനു പുറമെ കർഷകരിൽ നിന്നും ശേഖരിച്ച നെല്ല് കുത്തി അരിയാക്കിയതും ശേഷിക്കുന്നുണ്ട്.

മറ്റ് സംസ്ഥാനത്തെ മൊത്ത വ്യാപാരികളിൽ നിന്ന് വാങ്ങുന്നതിനു പുറമെ എഫ്.സി.ഐയിൽ നിന്നും ഇന്ന് സപ്ളൈകോ അരി വാങ്ങും. 22.50 രൂപ നിരക്കിലാണ് പുഴുക്കലരി വാങ്ങുക. പുറമെ പച്ചരി, പയർ,​ ഉഴുന്ന്,​ കടല,​ പരിപ്പ് തുടങ്ങിയവ പതിനായിരം ടൺ വീതവും ജീരകം,​ ഉലുവ പോലുള്ളവ അയ്യായിരം ടൺ വീതവും വാങ്ങി സൂക്ഷിക്കാനും ഭക്ഷ്യവകുപ്പ് സപ്ളൈകോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

സ്റ്റോക്ക് ഇങ്ങനെ

 നിലിവിലുള്ള അരി 96,​665.792 ടൺ

ഗോതമ്പ് - 22,​088.292 ടൺ

ശേഖരിക്കുന്ന അരി 2,​89,​995 ടൺ

ഗോതമ്പ് - 60,​264 ടൺ

 പൊതുവിപണിയിൽ ആശങ്ക മാറുന്നില്ല

സർക്കാർ വിപണന കേന്ദ്രങ്ങൾ വഴി ഭക്ഷ്യവസ്തുക്കൾ വൻ തോതിൽ ശേഖരക്കുന്നുണ്ടെങ്കിലും ഏറ്റവും കുടുതൽ പേർ എത്തുന്ന പൊതുവിപണയിൽ ഭക്ഷ്യവസ്തുക്കൾ പഴയതുപോലെ കിട്ടാതെയാകുമെന്നാണ് വ്യാപാരികളുടെ ആശങ്ക. അരി ഉറപ്പാക്കിയാലും മറ്റ് ഭക്ഷ്യവസ്തുക്കൾക്ക് വില കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

 തമിഴ്നാട് സ്റ്റോക്ക് ചെയ്യുന്നത് ആറു മാസത്തെ വിഹിതം

എഫ്.സി.ഐയുടെ ഓഫർ മുതലാക്കി തമിഴ്നാട് ആറു മാസത്തെ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. ആറുമാസത്തേക്കുള്ള ധാന്യം സംസ്ഥാനങ്ങൾ കൈമാറാൻ തയ്യാറാണെന്ന് എഫ്.സി.ഐ ചെയർമാൻ ഡി.വി. പ്രസാദാണ് അറിയിച്ചത്. ഒന്നര വർഷത്തേക്കുള്ള ധാന്യം കോർപ്പറേഷനുണ്ടെന്നും ചെയർമാൻ അറിയിച്ചിരുന്നു.