തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചുപൂട്ടൽ (ലോക്ക്ഡൗൺ) പ്രഖ്യാപിച്ചിട്ടും പലരും പാലിക്കാതിരുന്ന പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം പേർ ഒത്തുചേരുന്നത് നിരോധിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മതപരവും സാമൂഹികവുമായ ആഘോഷങ്ങൾക്കെല്ലാം ഇത് ബാധകമാണ്.
സാഹചര്യത്തിന്റെ ഗൗരവമുൾക്കൊള്ളാതെ അനാവശ്യ യാത്രകളും പുറത്തിറങ്ങലും മറ്റും കണ്ടതിനാലാണ് ലോക്ക്ഡൗൺ ക്രമീകരണങ്ങൾ ആവർത്തിക്കുന്നതെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്.
മുഖ്യമന്ത്രി ഓർമ്മിപ്പിച്ച നിയന്ത്രണങ്ങൾ
# സുഹൃത്തിന്റെ വീട്ടിൽ പോയി കുറേനേരമിരിക്കൽ, ക്ലബ്ബുകളിലും വായനശാലകളിലും പോകൽ എന്നിവയെല്ലാം നിറുത്തിവയ്ക്കണം.
# യാത്രാവാഹനങ്ങളെല്ലാം സർവീസുകൾ അവസാനിപ്പിക്കണം.
# അടിയന്തര വൈദ്യസഹായം തേടൽ, അവശ്യസാധനങ്ങൾ വാങ്ങൽ, മരുന്നുകൾ വാങ്ങൽ എന്നിവയ്ക്കല്ലാതെ ഓട്ടോ, ടാക്സി സർവീസ് നടത്തരുത്.
#സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ ഒരു മുതിർന്നയാൾക്ക് മാത്രമാകും യാത്രാനുമതി.
#ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, അവശ്യവസ്തുക്കളായ പലവ്യഞ്ജനങ്ങൾ, പാൽ, പച്ചക്കറി, മുട്ട, മീൻ, കോഴി, കന്നുകാലിത്തീറ്റകൾ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ തുറക്കും.
#പാൽ, പച്ചക്കറിക്കടകൾ രാവിലെ വേണ്ടിവരുന്നതിനാലാണ് ഏഴ് മണിയാക്കുന്നത്.
# സാധാരണ 9മണിക്കും പത്ത് മണിക്കും തുറക്കുന്ന മറ്റ് കടക്കാർ ഏഴ് മണിക്ക് തുറക്കണമെന്നില്ല.
# കാസർകോട്ട് രാവിലെ 11മണി മുതൽ അഞ്ച് വരെയാണ്.
# ആർഭാടത്തിനും വിനോദത്തിനുമായി ഒരു കടയും തുറക്കരുത്.
# അത്യാവശ്യഘട്ടത്തിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് കരുതി അത് അവസരമായി ആരുമെടുക്കേണ്ട.
#നാട്ടിൻപുറങ്ങളിലെ ക്ലബ്ബുകളിലും കവലകളിലും ആൾക്കൂട്ടം അനുവദിക്കില്ല. അതിനെതിരെ ശക്തമായ പൊലീസ് നടപടിയുണ്ടാകും. കാസർകോട് ഇതിനായി ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു.
#അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിലെത്തുന്നവർ സാധനം വാങ്ങി ഉടൻ മടങ്ങണം. കടകളിൽ കൃത്യമായ സുരക്ഷാക്രമീകരണങ്ങളുണ്ടാകും. ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം.
സ്വകാര്യ വാഹനത്തിന്
സത്യവാങ്മൂലം
#സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നവർ എന്താവശ്യം, എപ്പോൾ തിരിച്ചെത്തും, ഏത് വാഹനമാണ് എന്നീ വിവരങ്ങൾ സത്യവാങ്മൂലമായി നൽകണം. ഇതിനുള്ള ഫോം ലഭ്യമാക്കും. വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ പൂരിപ്പിച്ച് കൈയിൽ കരുതണം. പരിശോധനാ ഉദ്യോഗസ്ഥർ വഴിയിൽ തടഞ്ഞുനിറുത്തി ചോദിക്കുമ്പോൾ ഇത് നൽകണം. ഫോമിൽ പറയുന്ന കാര്യത്തിനല്ല യാത്ര എങ്കിൽ നടപടിയുണ്ടാകും.
#പൂഴ്‌ത്തി വച്ചാൽ നടപടി
വില കൂട്ടൽ, പൂഴ്‌ത്തിവയ്പ് എന്നിവയ്ക്കെതിരെ കർശന നടപടിയെടുക്കും.
സാഹചര്യം മുതലെടുക്കാൻ ഒരു കടക്കാരനും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇതൊരവസരമായി കണ്ട് തക്കാളിക്കും ഉള്ളിക്കുമൊക്കെ വില കൂട്ടിക്കളയാം അല്ലെങ്കിൽ സാധനങ്ങൾ പൂഴ്ത്തിവയ്ക്കാം എന്ന് കരുതരുത്. ഇത്തരം ചെറിയ പ്രവണതകൾ കാണുന്നുണ്ട്. ഇത് തടയാൻ പരിശോധന ശക്തിപ്പെടുത്തും. നിയമവിരുദ്ധ പ്രവൃത്തികൾക്ക് ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാവും. തൽക്കാലം കുറച്ച് കാശ് മോഹിച്ച് ഇത്തരം പ്രവൃത്തികളിലേർപ്പെട്ടാൽ വലിയ വിഷമം വരുമെന്ന് ആലോചിക്കുന്നത് നന്നായിരിക്കും.