തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 7 മുതൽ അനിശ്ചിത കാലത്തേക്കാണ് നിരോധനാജ്ഞ കളക്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ രോഗസാദ്ധ്യത നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനം. ഇക്കാലയളവിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂടി നിൽക്കാൻ പാടില്ല
മതപരമായ ആഘോഷങ്ങൾ, ഉത്സവങ്ങൾ, മറ്റ് ഒത്തുചേരലുകൾ എന്നിവയ്ക്കും കർശന നിയന്ത്രണമുണ്ടായിരിക്കും
പൊതുഗതാഗതം പൂർണമായും റദ്ദാക്കി.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങരുത്.
ആരോഗ്യ പ്രവർത്തകരെ തടയില്ല.ആശുപത്രി, മറ്റ് അവശ്യ സർവീസുകൾ അനുവദിക്കും
പെട്രോൾ പമ്പുകൾ,ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ,എൽ.പി.ജി വിതരണം എന്നിവയ്ക്ക് തടസമുണ്ടാകില്ല
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാവൂ. ഇവിടെ ഒരു മീറ്റർ അകലത്തിൽ വരി ക്രമീകരിക്കണം
സ്വകാര്യ സ്ഥാപനങ്ങൾ,ഫാക്ടറികൾ,വർക്ക്ഷോപ്പ്,ഗോഡൗൺ എന്നിവയ്ക്കും വിലക്ക് ബാധകം
സെക്രട്ടേറിയറ്റ്,കളക്ടറേറ്റ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,പൊലീസ്,അഗ്നി ശമന സേന,ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ്, ജലവിതരണം, വൈദ്യുതി തുടങ്ങിയവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഞ്ച് പേരിൽ കൂടുതലുള്ള ലേലങ്ങളും പാടില്ല
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ വീടുകളിൽ തന്നെയിരിക്കണം
മാർച്ച് പത്തിന് ശേഷം ജില്ലയിൽ എത്തിയവർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണം
വീഴ്ച വരുത്തുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാവും