cm-press-meet

മാദ്ധ്യമങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കും-

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ . പത്രങ്ങൾ സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്ന് . മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു..

സർക്കാർ സ്വീകരിക്കുന്ന നടപടികളും മുന്നറിയിപ്പും ജാഗ്രതപ്പെടുത്തലും കൃത്യമായി ജനങ്ങളിലെത്തിക്കുന്നതിൽ മാദ്ധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഇത്രത്തോളം ശക്തിയുള്ള മറ്റൊരു സംവിധാനമില്ലെന്നും സംസ്ഥാനത്തെ മാദ്ധ്യമ മേധാവികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പറഞ്ഞു.

കൊറോണയുടെ സാഹചര്യത്തിൽ കേരളത്തിൽ മാദ്ധ്യമങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ശങ്കകൾ ഉയർത്തിക്കാട്ടേണ്ട സമയമല്ല ഇത് മാദ്ധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യം നൽകണം.അടിസ്ഥാനരഹിത കാര്യങ്ങളും വ്യാജ വാർത്തകളും പടരാതിരിക്കാൻ വലിയ ശ്രദ്ധ പുലർത്തണം. രോഗം പടരാതിരിക്കാനുള്ള നിർദ്ദേശം ജനങ്ങളിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കാനാവും. കൊറോണയെ നേരിടാൻ വലിയ സഹകരണമാണ് മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. അവശ്യ സർവീസെന്ന നിലയ്ക്കാണ് മാധ്യമങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത്. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ചിന്ത പൊതുജനങ്ങൾക്ക് ഉണ്ടാകാൻ പാടില്ല.

ചാനലുകൾ മൈക്കുകൾ അണുവിമുക്തമാണെന്ന് ഉറപ്പാക്കണം. റിപ്പോർട്ടിംഗിന് പോകുമ്പോൾ വലിയ സംഘത്തെ ഒഴിവാക്കുക. പത്രവിതരണത്തിലും ശ്രദ്ധിക്കണം. പത്രങ്ങളിൽ പരസ്യ നോട്ടീസുകൾ വച്ചു വിതരണം ചെയ്യുന്നത് കർശനമായി ഒഴിവാക്കണം. ഏജന്റുമാർ പത്രങ്ങളുടെ മടക്ക് നിവർത്തി കൈകാര്യം ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിക്കണം... മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും ഡി. എസ്. എൻ. ജികൾക്കും തടസമുണ്ടാകാതെ ശ്രദ്ധിക്കും. മാധ്യമസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിന് മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് നടപടിയെടുക്കും. സുഗമമായ പ്രവർത്തനത്തിന് തടസമുണ്ടായാൽ തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണം. പ്രധാന വകുപ്പുകളുടെ തലവൻമാർ ഒന്നിച്ചിരുന്നാണ് കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. രോഗത്തെ നേരിടുന്നതിന് ആവശ്യമായ ഡോക്ടർമാർ, വെന്റിലേറ്ററുകൾ, കിടക്കകൾ, ഐ. സി. യു എന്നിവയെല്ലാം സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്രങ്ങൾക്ക് ആവശ്യമായ ന്യൂസ് പ്രിന്റ്, മഷി, പ്ലേറ്റ് അടക്കമുള്ള സാമഗ്രികളുടെ ചരക്കുനീക്കം സുഗമമാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. അതിർത്തി ചെക്ക്പോസ്റ്റുകളിൽ തടസമുണ്ടായാൽ അത് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയും കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് വിഭാഗം മേധാവി എ.സി റെജിയും യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാധ്യമ മേധാവികൾക്കായി വീഡിയോ കോൺഫറൻസ് സംവിധാനം ഒരുക്കിയത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ എന്നിവരും പങ്കെടുത്തു.