മപൂറ്റോ: വടക്ക് പടിഞ്ഞാറൻ മൊസാംബിക്കിൽ 64 എത്യോപ്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ ചരക്ക് കണ്ടെയ്‌നറിനുള്ളിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ടെറ്റ് പ്രവിശ്യയിൽ ട്രക്കിൽ കടത്താൻ ശ്രമിച്ച കാർഗോ കണ്ടെയ്‌നറിനുള്ളിലാണ് തിങ്ങി നിറഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇതിനുള്ളിലുണ്ടായിരുന്ന 14 പേരെ അധികൃതർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലാവിയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് അനധികൃത എത്യോപ്യൻ കുടിയേറ്റക്കാരുമായി പോകുകയായിരുന്നു ട്രക്ക്. 64 പേരും കണ്ടെയ്‌നറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് കരുതുന്നത്. കണ്ടെയ്‌നറിലുണ്ടായിരുന്ന എല്ലാവരും പുരുഷൻമാരായിരുന്നു. മൊസാംബിക്കൻ പൗരന്മാരായ ട്രക്ക് ഡ്രൈവറെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ആഫ്രിക്കയിലേക്കും മറ്റും അനധികൃതമായി കുടിയേറുന്നവർക്കുള്ള ഇടനാഴിയായാണ് മൊസാംബിക്ക് പൊതുവെ അറിയപ്പെടുന്നത്. 4 ദശലക്ഷത്തോളം പേർ സൗത്ത് ആഫ്രിക്കയിൽ കുടിയേറിപ്പാർക്കുന്നുണ്ട്.