തിരുവനന്തപുരം: കൊറോണ വ്യാപനത്തിനെതിരെ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിലും ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിലും തിരുവനന്തപുരം ജില്ല നിശ്ചലം. ഇന്നലെ ഒരു പോസിറ്റീവ് കേസ് കൂടി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജില്ല അതീവ ജാഗ്രതയിലാണ്. തലസ്ഥാനമൊട്ടാകെ 5919 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 5829 പേർ വീടുകളിലും 90 പേർ വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന രോഗികളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പോലും നഗരത്തിൽ പലയിടത്തും തുറന്നിട്ടില്ല. ജില്ലയിൽ പൊലീസ് പെട്രോളിംഗും ശക്തമാണ്. പാൽ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ കടകൾക്ക് പുറത്ത് വച്ചാണ് വില്പന നടത്തുന്നത്. അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കും. ആവശ്യം ബോധ്യപ്പെടുത്തുന്നവർക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പൊലീസ് ഒരുക്കുന്നുണ്ട്.
നഗരത്തിലെ എല്ലാ ജംഗ്ഷനുകളിലും സാനിറ്റൈസർ സൗകര്യം നഗരസഭ ഒരുക്കിയിട്ടുണ്ട്.ഇന്നലെ രാത്രി തമ്പാനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നഗരസഭ ശുചികരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ഇന്നലെ സർക്കാർ നിർദ്ദേശം അവഗണിച്ചു കൊണ്ട് പൊതു ജനങ്ങൾ പുറത്തിറങ്ങിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയും ഡി.ജി.പിയും ഉൾപ്പെടെയുള്ളവർ റോഡിൽ ഇറങ്ങി വാഹന യാത്രികരെ ബോധവത്കരിച്ചിരുന്നു.