ക്വീൻസ്‌ലാൻഡ്: അധികൃതർ നൽകിയ മുന്നറിയിപ്പ് വകവയ്ക്കാതെ 50ാം ജന്മദിനാഘോഷം ആഡംബരപൂർണമായി സംഘടിപ്പിച്ചു. ഒടുവിൽ ആഘോഷത്തിൽ പങ്കെടുത്തവരിൽ 24 പേർക്ക് കൊറോണ സ്ഥിരീകരിച്ചു !. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ നൂസയിലാണ് സംഭവം. കഴിഞ്ഞ 14നാണ് 50കാരൻ തന്റെ ജന്മദിനാഘോഷം ഇവിടത്തെ ഒരു ആഡംബര റെസ്റ്റോറന്റിൽ സംഘടിപ്പിച്ചത്. ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തതായാണ് വിവരം. കൊറോണ സ്ഥിരീകരിച്ച എല്ലാവരും ഇപ്പോൾ ഐസൊലേഷൻ വാർഡുകളിലാണ്. പാർട്ടി സംഘടിപ്പിച്ച റെസ്റ്റോറന്റ് താത്കാലികമായി പൂട്ടി. പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കൊറോണ ഫലം പോസിറ്റീവായവർ സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തേണ്ടതുണ്ട്. റെസ്റ്റോറന്റിലെ ജീവനക്കാർ നിരീക്ഷണത്തിലാണ്.