italy

റോം: ഇറ്റലിയെ ഞെട്ടിച്ചുകൊണ്ട് മരണനിരക്ക് വീണ്ടും കുതിക്കുന്നു. ചൊവ്വാഴ്ച മാത്രം ഇറ്റലിയിൽ 743 പേരാണ് മരിച്ചത്. രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം ഇതോടെ 6,820 ആയി. ഞായറും തിങ്കളും മരണ നിരക്ക് കുറഞ്ഞു നിന്നത് ആശ്വാസം നൽകിയിരുന്നു. അതിനെ തകിടം മറിച്ചുകൊണ്ടാണ് ചൊവ്വാഴ്ച മരണ നിരക്ക് വീണ്ടും കുതിച്ചത്. ശനിയാഴ്ച 739 പേർ മരിച്ചപ്പോൾ ഞായറാഴ്ച മരണ നിരക്ക് 651 ആയും തിങ്കളാഴ്ച 601 ആയും കുറഞ്ഞിരുന്നു. കൊറോണ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ശേഷം ആദ്യമായിട്ടായിരുന്നു മരണസംഖ്യയിൽ കുറവ് വന്നിരുന്നത്. ഇത് ആരോഗ്യപ്രവർത്തകർക്ക് പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച കൊറോണ വീണ്ടും പിടിമുറുക്കി.

അതിനിടെ, ചൈനയ്ക്കും ഇറ്റലിക്കും ശേഷം കൊറോണയുടെ ആഘാതം ഏറ്റവും കൂടുതൽ ഏൽക്കാൻപോകുന്നത് അമേരിക്കയിലായിരിക്കുമെന്ന് ഡബ്ളിയു.എച്ച്.ഒ മുന്നറിയിപ്പ് നൽകി. ഏറ്റവും കൂടുതൽ രോഗബാധിതർ അമേരിക്കയിലാണ്.

അമേരിക്കയിൽ 54,808 പേർക്ക് രോഗം സ്ഥിരീകരിച്ചു. 775 പേർ മരിച്ചു. അമേരിക്കയിൽ കൂടുതൽ സംസ്ഥാനങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചു. 163 മരണമാണ് ചൊവ്വാഴ്ച മാത്രം യു.എസിലുണ്ടായത്.