കിളിമാനൂർ: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ പാസ്റ്റ്. സ്കൂളിനു പുറമെ ആരാധനാലയങ്ങളിലെയും ഉച്ചഭാഷിണികളിലൂടെ കോവിഡ് 19 ബോധവത്കരണ അനൗൺസ്മെന്റ് സംപ്രേക്ഷണം ചെയ്ത് തട്ടത്തുമല പ്രദേശം മാതൃകയാകുന്നു. ഗണപതിപ്പാറ ശക്തി ഗണപതി ക്ഷേത്രം, വട്ടപ്പാറ പളളി, തട്ടത്തുമല തക്കാവ്, ചായക്കാറ്പച്ച ക്ഷേത്രം, തട്ടത്തുമല തയ്ക്കാവ് തുടങ്ങി തട്ടത്തുമലയിലെ എല്ലാ ആരാധാനാലയങ്ങളിലും രാവിലെ മുതൽ വൈകിട്ട് വരെ ബോധവത്കരണ സന്ദേശം തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്നു. സ്കൂളിലെ റേഡിയോ ക്ലബിന്റെ സംവിധാനമുപയോഗിച്ച് പൂർവ വിദ്യാർത്ഥി സംഘടനയായ പാസ്റ്റാണ് പൊതു അറിയിപ്പ് എന്ന ആശയം ആദ്യം പ്രാവർത്തികമാക്കിയത്. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച പ്രതിരോധ മാർഗങ്ങളാണ് അനൗൺസ്മെന്റ് രൂപത്തിലാക്കിയത്. സ്കൂളിന്റെ ചുറ്റുവട്ടത്ത് മൂന്നു വാർഡുകളിലായി പാസ്റ്റിന്റെ പ്രവർത്തകർ ബോധവത്കരണത്തിന്റെയും വിവരശേഖരണത്തിന്റെയും ചുമതല ഏറ്റെടുത്തിട്ടുണ്ട്. കുട്ടികൾക്കോ രക്ഷിതാക്കൾക്കോ നേരിടുന്ന അടിയന്തരാവശ്യങ്ങൾ പരിഹരിക്കാൻ പി.ടി.എ / എസ്.എം.സി അംഗങ്ങൾക്കാണ് ചുമതല. എല്ലാവരുടെയും ഫോൺ നമ്പരുകൾ ക്ലാസ് അടിസ്ഥാനത്തിൽ രൂപം നൽകിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഇവ വഴിയുള്ള വിവര ശേഖരണം ക്ലാസ് ടീച്ചർമാർക്കാണ്. പഞ്ചായത്ത് മെമ്പർമാർ , ആശാ പ്രവർത്തകർ, അംഗൻവാടി അധ്യാപികമാർ, പാസ്റ്റിന്റെ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ എന്നിവർ എല്ലാ ദിവസവും പരസ്പരം ബന്ധപ്പെട്ട് അന്നന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നു. തട്ടത്തുമലയിൽ ആവശ്യക്കാർക്ക് സാനിറ്റൈസർ വിതരണം ചെയ്യുന്ന ചുമതലയും പൂർവ വിദ്യാർത്ഥി സംഘടന ഏറ്റെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ എം. എൽ .എ ബി സത്യനാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.