students-

​​​​​തിരുവനന്തപുരം: ഒന്നു മുതൽ എട്ട് വരെയുളള ക്ളാസിലെ വിദ്യാർത്ഥികളെ ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകി കേന്ദ്രീയ വിദ്യാലയം ഉത്തരവിറക്കി. ഈ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വർഷാന്ത്യ പരീക്ഷ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇടയ്ക്ക് വച്ച് നിറുത്തിയിരുന്നു. ഒന്നും രണ്ടും ക്ലാസുകളിലുളള വിദ്യാർത്ഥികൾക്ക് മാസംതോറും നടത്തുന്ന പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് കയറ്റം നൽകും. 2019-2020 അദ്ധ്യയനവർഷത്തിലെ പരീക്ഷകളാണ് ഇതിനായി പരിഗണിക്കുന്നത്. മൂന്നു മുതൽ എട്ടാം ക്ലാസ് വരെയുളള വിദ്യാർത്ഥികളെ ഓരോ വിഷയത്തിനും ലഭിച്ച വെയിറ്റേജിന്റെ അടിസ്ഥാനത്തിലാണ് ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുക.

ഇതിന് പുറമേ ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ച അന്തിമ ഫലം ഇ ഗ്രേഡാണെങ്കിലും ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം നൽകും. ഇവർക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ക്ലാസിൽ വരാത്തവരെയും ഉയർന്ന ക്ലാസുകളിലേക്ക് കയറ്റിവിടും.