china

ന്യൂഡൽഹി: പുതിയ കൊറോണ വൈറസിനെ വിശദീകരിക്കാൻ 'ചൈന' എന്ന പദം ഉപയോഗിക്കരുതെന്ന് ഇന്ത്യയോട് ബീജിംഗ് അധികൃതരുടെ അഭ്യർത്ഥന. ഇത്തരമൊരു വിശേഷണം രാജ്യത്തിന് ദുഷ്‌പേര് സമ്മാനിക്കുകയും, അന്താരാഷ്ട്ര സഹകരണത്തെ ഹാനികരമായി ബാധിക്കുമെന്നുമാണ് ബീജിംഗ് പറയുന്നത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഫോണിൽ സംസാരിക്കവെയാണ് സ്‌റ്റേറ്റ് കൗൺസിലറും, ഫോറിൻ മിനിസ്റ്ററുമായ വാംഗ് യീ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 'ചൈനാ വൈറസ്' എന്ന് കൊറോണയെ മുദ്രകുത്തുന്ന ഇടുങ്ങിയ ചിന്താഗതിക്ക് ഇന്ത്യ എതിരാകുമെന്നാണ് ചൈനയുടെ പ്രതീക്ഷയെന്ന് വാംഗ് യീ അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധി ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിലാണ് പൊട്ടിപ്പുറപ്പെട്ടത്.

ചൈനാ വൈറസ് എന്ന പദം ഉപയോഗിക്കുന്നതിന് എതിരെ ചൈനീസ് നയതന്ത്രജ്ഞർ ലോകമെമ്പാടും പ്രചാരണങ്ങൾ നടത്തുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉൾപ്പെടെയുള്ളവർ കൊറോണയെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിച്ചതിനെ ചൈന എതിർക്കുകയാണ്. ലോകാരോഗ്യ സംഘടനയും ഏതെങ്കിലും രാജ്യത്തെ വൈറസുമായി ബന്ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് ചൈനയുടെ വാദം. എന്നാൽ ചൈന രോഗവിവരങ്ങൾ പ്രാഥമിക ഘട്ടത്തിൽ മറച്ചുവച്ചത് മൂലമാണ് ലോകം മുഴുവൻ ഇപ്പോൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലേക്ക് എത്തിച്ചതെന്ന രോഷം മറുവശത്ത് ആളിക്കത്തുന്നുണ്ട്. കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുമെന്ന് ചൈന ആത്മവിശ്വാസം പ്രകടിപ്പിച്ചു.