പാലോട്: മലയോരമേഖലയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും മാസ്കിനും സാനിറ്റൈസറിനും കടുത്ത ക്ഷാമം നേരിടുന്നു. ചില മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്ക് ഉണ്ടെങ്കിലും അമിത വിലയാണ് ഈടാക്കുന്നത്. മാസ്കിന് ഈടാക്കാവുന്ന പരമാവധി വില 10 രൂപയായും സാനിറ്റൈസർ 200 മില്ലിക്ക് 100 രൂപയായും സർക്കാർ വില കർശനമായി നിയന്ത്രിച്ചിട്ടും ചില മെഡിക്കൽ സ്റ്റോറുകളിൽ മാസ്കിന് 20 മുതൽ 30 വരെയും സാനിറ്റൈസറിന് 225 രൂപയുമാണ് ഈടാക്കുന്നത്. ബില്ല് ചോദിച്ചാൽ സാധനങ്ങൾ നൽകുന്നില്ലെന്നും പരാതിയുണ്ട്. ആദിവാസി മേഖലയിലുള്ളവരെയും സാധാരണക്കാരെയുമാണ് മെഡിക്കൽ സ്റ്റോർ ഉടമകൾ ഇങ്ങനെ ചൂഷണം ചെയ്യുന്നത്. പരിശോധനകൾ കർശനമാക്കി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.