തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെയും ഐ.എം.എയുടെയും നേതൃത്വത്തിലാണ് പരിശീലനം. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവർക്ക് ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെയാണ് പരിശീലനം. രോഗികളുമായി നേരിട്ട് ബന്ധപ്പെടാൻ സാദ്ധ്യതയുള്ള മുഴുവൻ ജീവനക്കാർക്കും പ്രത്യേക സമയ ക്രമീകരണങ്ങളിലൂടെ പരിശീലനം നൽകുന്നുണ്ട്. രോഗബാധിതരായി ആശുപത്രികളിൽ എത്തുന്നവരിൽ നിന്നും രോഗലക്ഷണങ്ങൾ ഉള്ളവരെ വേർതിരിച്ച് ഐസൊലേറ്റ് ചെയ്യുന്നതിനുള്ള പരിശീലനവും, ശുചിത്വവും അണുനശീകരണവും സംബന്ധിച്ച ബോധവത്കരണവുമാണ് പ്രാഥമിക ഘട്ട പരിശീലനം. രണ്ടാം ഘട്ടത്തിൽ വെന്റിലേറ്റർ, ഓക്‌സിജൻ ഡെലിവറി ഡിവൈസ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവുമാണ് നൽകുന്നത്. ഇതിനായി അതാത് ആശുപത്രികളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘങ്ങൾ നേരിട്ടെത്തിയാണ് പരിശീലനം നൽകുക.