medicine-

ന്യൂഡൽഹി: കൊറോണ രോഗ ചികിത്സയ്ക്കായി ജനം സ്വയം മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പ്. കൊറോണ രോഗ ശാന്തിക്ക് മലേറിയ രോഗ നിവാരണ മരുന്ന് ഫലപ്രദമാണെന്ന നിരീക്ഷണങ്ങളെത്തുടർന്നാണ് ജനം വലിയ രീതിയിൽ മരുന്ന് വാങ്ങിക്കൂട്ടുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വലിയ തോതിലാണ് മലേറിയ മരുന്ന് വിറ്റഴിയുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ ശക്തമായ നടപടി കൈക്കൊള്ളുന്നത്.

ജനങ്ങൾ വാങ്ങുന്ന ഹൈഡ്രോക്ളോറോക്വിൻ പരീക്ഷണാടിസ്ഥാനത്തിൽ കൊറോണ രോഗികൾക്ക് നൽകുന്നുണ്ട്. അത് രാജ്യത്തുള്ള എല്ലാവരും ഉപയോഗിക്കാൻ പാടില്ല. ആ മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നതായതുകൊണ്ട് ഇതു നൽകുന്ന രോഗികളെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ഈ മരുന്ന് എല്ലാവർക്കും ഉള്ളതല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിലെ സാംക്രമിക രോഗം വിഭാഗം വിദഗ്ദർ പറയുന്നു. ഈ മരുന്നിന്റെ കയറ്റുമതിയും നിരോധിച്ചു. ഇതടക്കമുള്ള മരുന്നുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിർദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.