വർക്കല: ജനങ്ങൾ അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി പൊതുസ്ഥലങ്ങളിൽ പോകുന്നത് പരമാവധി കുറയ്ക്കുന്നതിലേക്ക് വേണ്ടി വർക്കല നേതാജി റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിലുളള വീട്ടുകാർക്ക് സാധനങ്ങൾ വാങ്ങി അസോസിയേഷന്റെ വാഹനത്തിൽ എത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തി. ദിവസവും രാവിലെ 11ന് മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാകുക. ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ പർച്ചേസിംഗ് ഉണ്ടാകുകയുളളൂ. സാധനങ്ങളുടെ വില മാത്രമേ വീട്ടുകാരുടെ കൈയിൽ നിന്ന് വാങ്ങുകയുളളൂ. ഇതിൻറെ ഉദ്ഘാടനം വർക്കല താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.എം. ലാജി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ആർ. സുലോചനൻ, വൈസ് പ്രസിഡന്റ് ആർ. രാജേന്ദ്രൻ, ട്രഷറർ വി. ദാസ്, ജി. ഉത്തമൻ, ഡി. ഷിബി, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ബി. ജയപ്രസാദ് എന്നിവർ സംബന്ധിച്ചു.