കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രകൃതി ഒരുക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങൾ സ്വയം വരിക്കുന്ന ശാന്തത തുടങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം 21 ദിവസത്തേക്ക് ജനങ്ങൾ ഗൃഹങ്ങളിൽ തന്നെ കഴിയും. കൊറോണയുടെ വ്യാപനത്തിലൂടെ ഒരുപക്ഷേ ഉണ്ടായേക്കാവുന്ന മരണക്കൊടുങ്കാറ്റ് ഒഴിവാക്കാൻ വേണ്ടിയുള്ള ശാന്തതയും ജാഗ്രതയുമാണിത്. ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള ചരിത്രത്തിൽ ആദ്യത്തെ നടപടി. അസാധാരണമായ സാഹചര്യത്തിൽ അസാധാരണമായ നടപടികൾ വേണ്ടിവരും. മനുഷ്യ സ്വാതന്ത്ര്യവും പൗരാവകാശ ലംഘനവുമൊന്നും ചർച്ച ചെയ്യാനുള്ള സന്ദർഭമല്ലിത്. സുരക്ഷയ്ക്കും രാജ്യത്തിന്റെ രക്ഷയ്ക്കും വേണ്ടി ഓരോരുത്തരും വഹിക്കുന്ന ത്യാഗമാണിത്. ലോകത്തിന് തന്നെ മാതൃകയാവുന്ന രീതിയിൽ ഈ പരീക്ഷണം വിജയിപ്പിക്കാൻ നിയമത്തിന്റെ അകമ്പടി കൊണ്ട് മാത്രം കഴിയില്ല. ഓരോരുത്തരും ഉള്ളിൽ ബലമായ തീരുമാനം എടുക്കുകയും അത് ഒരു അണുവിട പോലും ലംഘിക്കാതെ നടപ്പാക്കുകയും വേണം.
വീടിന് മുന്നിൽ അദൃശ്യമായ ഒരു ലക്ഷ്മണരേഖയുണ്ട്. അത് മറികടക്കരുതെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. രാമായണത്തിൽ ലക്ഷ്മണന്റെ രക്ഷയെ കരുതിയല്ല ആ രേഖ. സീതയുടെ രക്ഷയെ കരുതിയാണ്. ആ രേഖ ലംഘിച്ചതിന്റെ ദുര്യോഗം സീത അനുഭവിക്കുകയും ചെയ്തു. അതുപോലെ നമ്മൾ ഓരോരുത്തരുടെയും രക്ഷയെ കരുതിയാണ് വീടിനുള്ളിൽ കഴിയണമെന്ന് പറഞ്ഞിരിക്കുന്നത്. അത് മനഃപൂർവമോ അല്ലാതെയോ കൗതുകത്തിന്റെയോ സാഹസികതയുടെയോ പേരിലോ ലംഘിക്കാൻ ശ്രമിക്കുന്നവർ അവർക്ക് മാത്രമല്ല വിപത്ത് സൃഷ്ടിക്കുന്നത്. വീട്ടിലുള്ളവർക്ക് കൂടിയാണ്. വീടിന് പുറത്തിറങ്ങുന്ന മനുഷ്യരെ ആശ്രയിച്ച് കഴിയുന്ന നിരവധി പക്ഷിമൃഗാദികൾ ഉൾപ്പെടുന്നതു കൂടിയാണ് നമ്മുടെ ഭൂമി. വീട്ടിൽ കഴിയുന്നവർ അക്കാര്യവും ഓർമ്മിക്കണം.
അദൃശ്യരൂപിയായ കൊറോണയുമായുള്ള ഒരു യുദ്ധമാണ് രാജ്യം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ ഉത്തരവാദിത്വ ബോധമില്ലാതെ കാണിക്കുന്ന ഒരു ചെറിയ പിഴവിനു പോലും വലിയ വില നൽകേണ്ടിവരും.ആരോഗ്യരംഗത്തുള്ളവരും അവശ്യ സർവീസിൽ പ്രവർത്തിക്കുന്നവരും പൊലീസ്
സേനയിലുള്ളവരും മാദ്ധ്യമ രംഗത്തുള്ളവരും മാത്രമാണ് നിയന്ത്രണങ്ങളോടെ ഇളവിന് അർഹരായിട്ടുള്ളത്. യഥാർത്ഥത്തിൽ ഇവരാണ് യുദ്ധരംഗത്തുള്ളവർ. അവരുടെ ശ്രദ്ധ പാളിയാൽ കൊറോണയെ സംഹരിക്കുന്നത് അസാദ്ധ്യമാവും. അതിനാൽ തികച്ചും അനിവാര്യമായ കാര്യങ്ങൾക്കല്ലാതെ ആരും വീട് വിട്ട് ഇറങ്ങരുത് എന്നത് ഭീഷ്മശപഥം പോലെ പാലിക്കാൻ തയ്യാറാവണം. ആയുധങ്ങൾക്കും മരുന്നുകൾക്കുമുപരി മനുഷ്യൻ അവന്റെ ഇച്ഛാശക്തികൊണ്ടാണ് മഹായുദ്ധങ്ങളെയും മഹാമാരികളെയും അതിജീവിച്ചിട്ടുള്ളത്. ആറ്റംബോംബിനെ വരെ അതിജീവിച്ച ചരിത്രമാണ് മനുഷ്യരാശിയുടേത്. പക്ഷേ അതിനെല്ലാം വിലപ്പെട്ട ഒട്ടേറെ ജീവനുകൾ ബലി നൽകേണ്ടിവന്നു. എന്നാൽ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ കഴിയുന്നത്ര മനുഷ്യജീവനുകൾ രക്ഷിച്ചുകൊണ്ട് യുദ്ധം ജയിക്കാനാണ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്. അതിന്റെ വിജയത്തിനായി എല്ലാവരും സ്വയം സമർപ്പിക്കേണ്ട വിശുദ്ധ സന്ദർഭമാണിത്.
ജീവിത പ്രാരാബ്ധത്തിനിടയിലുള്ള നെട്ടോട്ടത്തിനിടയിൽ പലർക്കും നഷ്ടപ്പെടുന്നത് സ്വന്തം ജീവിതത്തിലെ കൊച്ച് കൊച്ച് സന്തോഷങ്ങളാണ്. അതിൽ പലതും തിരിച്ച് പിടിച്ച് അനുഭവിക്കാനുള്ള ഒരു അവസരമായി വേണം ഈ 21 ദിവസത്തെ ഗൃഹവാസം വിനിയോഗിക്കാൻ. മാറ്റിവച്ചിരുന്ന പല ജോലികളും പലർക്കും തീർക്കാനാവും. പാചകം പഠിക്കേണ്ടവർക്ക് അതാകാം. വീടിന്റെ അല്ലറ ചില്ലറ അറ്റകുറ്റപ്പണികൾ തീർക്കാൻ അറിയാവുന്നവർക്ക് അതാകാം. സംഗീതം കേൾക്കാം. നല്ല പുസ്തകങ്ങൾ വായിക്കാം. പൂന്തോട്ടമോ പച്ചക്കറി തോട്ടമോ ഒരുക്കാം. ക്രിയാത്മകമായി സമയം ചെലവിടാൻ പരമാവധി ശ്രമിച്ചാൽ മനസിന് ഉല്ലാസവും തദ്വാര രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. അത്യാവശ്യം സാമ്പത്തിക ശേഷി ഉള്ളവരുടെ കാര്യങ്ങളാണിതൊക്കെ. അന്നന്നത്തെ ജോലി ചെയ്ത് വീട് പുലർത്തുന്ന കോടിക്കണക്കിന് ജനങ്ങളുടെ നാടാണ് ഇന്ത്യ. ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്ക് അതിനുള്ള അവശ്യ വസ്തുക്കൾ എത്തിച്ചുകൊടുക്കാനുള്ള ബാദ്ധ്യത സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കുള്ളതാണ്. അന്നം വഴിമുട്ടുന്നവർ ബന്ധപ്പെടാനുള്ള ഹെൽപ് ഡെസ്കുകൾ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് തുടങ്ങിയിട്ടില്ലാത്തിടത്ത് ഉടൻ തുടങ്ങണം. ഇന്ത്യയുടെ ഫുഡ് കോർപ്പറേഷൻ ഗോഡൗണുകളിൽ ഏതാണ്ട് മൂന്ന് മാസത്തോളം ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും കഴിയാനുള്ള ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ട്. ഇതിന്റെ ഒരംശം ഏറ്റവും അവശ്യക്കാരായ പത്തോ ഇരുപതോ ശതമാനം പേർക്ക് നൽകാനുള്ള നടപടി ഉണ്ടാകേണ്ടതാണ്. കാരണം വിശക്കുന്ന വയറിന് ഒന്നും അനുസരിക്കാൻ തോന്നില്ല. അതുകൊണ്ടാണ് വിശക്കുന്ന വയറിന്റെ മുമ്പിൽ വേദാന്തം പറയരുതെന്ന് വിവേകാനന്ദ സ്വാമി പറഞ്ഞിട്ടുള്ളത്.
കൊറോണക്കെതിരായ ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും. ഈ 21 ദിവസം കഴിയുമ്പോൾ തന്നെ ശുഭസൂചനകളുമായി പുതിയ പ്രഭാതം വിടരുമെന്ന് പ്രതീക്ഷിക്കാം. ഒന്നു തിരിഞ്ഞുനോക്കാനും ആത്മപരിശോധന നടത്താനും പുതിയ പാഠങ്ങൾ പഠിക്കാനും ചുരുക്കിപ്പറഞ്ഞാൽ കൂടുതൽ നല്ല മനുഷ്യരാകാനും ഈ ശാന്തത നമുക്ക് വിനിയോഗിക്കാം. 'ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിപ്പൊരു കയ്പു താനുമേ" എന്നാണല്ലോ കവി വചനവും.