
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്ന പദ്ധതിയിൽ നിന്ന് പ്രതിപക്ഷ എം.എൽ.എ മാരെ അവഗണിച്ചത് പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ എം.എൽ.എമാരോട് ആലോചിക്കുക പോലും ചെയ്യാതെ രാഷ്ട്രീയലക്ഷ്യം വച്ചുമാത്രമാണ് സർക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
2011 റോഡുകൾ അനുവദിച്ചതിൽ പ്രതിപക്ഷ എം.എൽ.എമാർക്ക് 135 റോഡുകൽ മാത്രമാണ് നൽകിയത്. എം.കെ.മുനീറിന് 4 എണ്ണം കൊടുത്തപ്പോൾ എ.പ്രദീപ് കുമാറിന് 40 റോഡുകൽ നൽകി. 35 പ്രതിപക്ഷ എം.എൽ.എമാർക്ക് ഒരു റോഡ് പോലും അനുവദിച്ചില്ല. 354 കോടി രൂപ അനുവദിച്ച പദ്ധതിയിൽ 29.82 കോടി മാത്രമാണ് പ്രതിപക്ഷ എം.എൽ.എമാർക്ക് നൽകിയത്. പാർട്ടി കമ്മിറ്റികൾ പറഞ്ഞതനുസരിച്ചാണ് റോഡുകൾ തിരഞ്ഞെടുത്തതെന്നും ഈ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.