പാലോട്: മേഖലയിൽ നിയന്ത്രണം ലംഘിച്ച് തുറന്ന രണ്ട് കടകൾക്കെതിരെയും അത്യാവശ്യത്തിനല്ലാതെ ഒാടിയ അഞ്ചോളം വാഹനങ്ങൾക്കെതിരെയും പാലോട് പൊലീസ് കേസെടുത്തു. മടത്തറ മുതൽ കർശന നിരീക്ഷണവും സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ വാഹനങ്ങൾ മാത്രം പരിശോധനക്ക് ശേഷം കടത്തിവിട്ടു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴിച്ച് ബാക്കിയെല്ലാം ഇന്നലെ രാവിലെ പൊലീസ് അടപ്പിച്ചു. വിദേശത്തു നിന്നു വന്നവരും അന്യസംസ്ഥാനങ്ങളിൽ നിന്നു വന്നവരും വീട്ടിൽ തന്നെ കഴിയണമെന്ന നിർദ്ദേശം പാലിക്കുന്നുണ്ടോയെന്നറിയാൻ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും വാഹന പരിശോധന ഇന്നു മുതൽ കുറച്ചു കൂടി ശക്തമാക്കുമെന്നും പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു.