കോപ്പൻഹേഗൻ: മദ്യത്തെക്കാൾ വലുതാണ് മനുഷ്യൻ ജീവൻ. ലോകം കൊറോണ വൈറസിന്റെ പിടിയിലമരുമ്പോൾ ആശുപത്രികൾക്ക് കൈത്താങ്ങേകാൻ ഹാൻഡ് സാനിറ്റൈസർ നിർമാണരംഗത്തേക്ക് തിരിയുകയാണ് ലോകത്തെ പ്രമുഖ മദ്യനിർമാണ കേന്ദ്രങ്ങൾ. വിസ്കി, ജിൻ, റം എന്നിവയുടെ ഉത്പാദനം നിറുത്തി പകരം ഹാൻഡ് സാനിറ്റൈസറിന്റെ നിർമാണത്തിനാവശ്യമായ ശുദ്ധമായ ആൽക്കഹോൾ നിർമിക്കുകയാണ് ഡെൻമാർക്കിലെ ഒരു ഡിസ്‌റ്റിലറി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമായ ഹാൻഡ് സാനിറ്റൈസറും മാസ്കും മറ്റും നിർമിച്ച് പ്രതിരോധത്തിന് ഒറ്റക്കെട്ടായി നില്ക്കണമെന്ന് ഡാനിഷ് അധികൃതർ രാജ്യത്തെ എല്ലാ കമ്പനികളോടും അഭ്യർത്ഥിച്ചിരുന്നു.
ഡെൻമാർക്കിലെ ഫുനെൻ ദ്വീപിലെ നൈബോർഗിൽ നേചർഫ്രിസ്ക് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡിസ്‌റ്റിലറിയാണ് സഹായവാഗ്ദാനവുമായി എത്തിയിരിക്കുന്നത്. മതിയായ അളവിൽ 90 ശതമാനം ആൽക്കഹോൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഡെൻമാർക്കിലെ ഏക ഡിസ്‌റ്റിലറിയാണിത്. നേചർഫ്രിസ്ക് സർക്കാരിനെ സഹായിക്കാൻ മുന്നോട്ട് വന്നതോടെ രാജ്യത്തിന്റെ പലഭാഗത്തുള്ള മദ്യനിർമാണ ശാലകളും സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതേവരെ 8,000 ലിറ്ററോളം ബിയർ നേചർഫ്രിസ്ക് ഡിസ്‌റ്റിലറിയിൽ 90 ശതമാനം ആൽക്കഹോളാക്കി മാറ്റി സാനിറ്റൈസർ നിർമാണ ഫാക്ടറിയ്ക്ക് കൈമാറിക്കഴിഞ്ഞു.
കൊറോണ വൈറസ് ഭീതി ഒഴിയുന്നത് വരെ ദിനംപ്രതി 2,000 ലിറ്റർ ആൽക്കഹോൾ സാനിറ്റൈസർ നിർമാണത്തിനായി തങ്ങളുടെ ഡിസ്‌റ്റിലറിയിൽ ഉത്പാദിപ്പിക്കുമെന്ന് നേചർഫ്രിസ്ക് ഉടമകൾ അറിയിച്ചിട്ടുണ്ട്. ഡെൻമാർക്കിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല അന്താരാഷ്‌ട്ര മദ്യബ്രാൻഡുകളും തങ്ങളുടെ ഡിസ്‌റ്റിലറികൾ കൊറോണ പോരാട്ടത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഫ്രഞ്ച് ബ്രാൻഡായ പെർനോഡ് റികാർഡ് കഴിഞ്ഞാഴ്ച അമേരിക്കയിലെ തങ്ങളുടെ ചില ഡിസ്‌റ്റിലറികളിൽ മദ്യത്തിന് പകരം ഹാൻഡ് സാനിറ്റൈസർ നിർമാണം തുടങ്ങിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.