ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നു. ഇന്നലെ വരെ 202 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് നിയന്ത്രണം സ്വയം സ്വീകരിച്ചില്ലെങ്കിൽ കൊറോണ വ്യാപനം തടയാനാവില്ലെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് പറഞ്ഞു. വെെറസ് വ്യാപനം തടയാൻ നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ സ്വീകരിക്കുന്നത്. പൊലീസ്, ഫയർ ഫോഴ്സ്, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ജീവനക്കാർക്ക് നഗരസഭാ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച സാനിറ്റൈസർ, മാസ്ക് എന്നിവ വിതരണം ചെയ്തു. ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിൽ ലോഡുമായി വന്ന ലോറിക്കാർക്ക് നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ കുടിവെള്ളവും ഭക്ഷണ സാധനങ്ങളും ഉറപ്പാക്കി. ലോക്ക്ഡൗൺ സാഹചര്യത്തിൽ ഇവർക്ക് സമീപത്തെ വീടുകളിൽ നിന്ന് കുടിവെള്ളം പോലും നൽകിയില്ലെന്ന പരാതി ഉയർന്നിരുന്നു. 40 വാഹനങ്ങളിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം ആഹാരവും വെള്ളവുമില്ലാതെ വലഞ്ഞത്. അടിയന്തര ഘട്ടത്തിൽ വാഹനം ആവശ്യമുള്ളവർ അറിയിച്ചാൽ നഗരസഭ സൗകര്യം ഒരുക്കും. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കാനും സംവിധാനമുണ്ട്. ആശ്വാസ പദ്ധതി ദുരുപയോഗം ചെയ്‌താൽ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഫോൺ 9847115669.
.