ലക്നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാമത്തെ കൊറോണ പരിശോധനാ ഫലവും പോസിറ്റീവ്. ഞായറാഴ്ച നടത്തിയ രണ്ടാം പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എസ്.ജി.പി.ജി.ഐ.എം.എസ്) ചികിത്സയിലാണ് കനിക. രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകും വരെ ഇവരുടെ ചികിത്സ തുടരുമെന്ന് എസ്.ജി.പി.ജി.ഐ.എം.എസ് ഡയറക്ടർ പ്രൊഫ. ആർ.കെ ധിമൻ പറഞ്ഞു.
ഈ മാസം ആദ്യമാണ് കനിക യു.കെയിൽ നിന്നെത്തിയത്. അതിനുശേഷം അവർ താജിൽ നടത്തിയ പാർട്ടിയിൽ രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. കൊറോണ പടർന്ന രാജ്യത്ത് നിന്നും വന്നശേഷം കനിക പാർട്ടി നടത്തിയത് ഏറെ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു. പാർട്ടിയിൽ പങ്കെടുത്ത എല്ലാവരുടെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസം പകർന്നിരുന്നു.
കനികക്കൊപ്പം രണ്ടു ദിവസം താജിൽ ഉണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായിയുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. മുംബയ് കസ്തൂർബ ഹോസ്പിറ്റലിൽ ചികിത്സ തേടിയ ഓജസ് പരിശോധന റിപ്പോർട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തി.