കാട്ടാക്കട: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കാട്ടാക്കടയിലെ പൊതു സ്ഥലങ്ങൾ ഫയർഫോഴ്സ് അണുവിമുക്തമാക്കി .കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ, ജംഗ്ഷൻ, വാണിജ്യ സമുച്ചയം, വർക്ക്ഷോപ്, വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതറിയും വാട്ടർ സ്പ്രേ നടത്തിയും ശുചീകരണം നടത്തി. അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ വി. സാഗറിന്റെ നേതൃത്വത്തിൽ ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളായി. കാട്ടാക്കട ഫയർ സ്റ്റേഷൻ പരിധിയിലെ ഊരൂട്ടമ്പലം, മുക്കമ്പാലമൂട്, മലയിൻകീഴ് എന്നിവിടങ്ങളിൽ യൂണിറ്റ് വാഹനത്തിൽ ജാഗ്രതാ അറിയിപ്പുകൾ നൽകിയും എട്ടിന നിർദ്ദേശങ്ങൾ ഉൾപ്പെട്ട ലഘു ലേഖകൾ നൽകിയും പൊതുജന ബോധവത്കരണവും ഫയർഫോഴ്സ് അംഗങ്ങൾ നടത്തി. വരും ദിവസങ്ങളിലും പ്രവർത്തനം ഊർജിതപ്പെടുത്തുമെന്നും കൂടുതൽ ജനസഞ്ചാരമുള്ള മേഖലകളിൽ കൈകഴുകൽ കേന്ദ്രവും സാനിട്ടൈസർ സംവിധാനവും ഫയർഫോഴ്സ് ഒരുക്കുമെന്നും സ്റ്റേഷൻ ഓഫീസർ അറിയിച്ചു. ഡിപ്പോയിൽ ശുചീകരണത്തിനെത്തിയ ഫയർഫോഴ്സുകാർക്ക് ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി സൗജന്യ മാസ്‌ക്കുകൾ വിതരണം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അനിൽകുമാറിൽ നിന്നും സ്റ്റേഷൻ ഓഫീസർ എ.എൽ. ബൈജു മാസ്‌ക്ക് ഏറ്റുവാങ്ങി. കാട്ടാക്കട സ്റ്റേഷൻ ഓഫീസറുടെ കീഴിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ പ്രശോഭ്, രഞ്ജു കൃഷ്ണൻ, ഷിബു ക്രിസ്റ്റഫർ,ഷിബു കുമാർ,ശരത് ചന്ദ്രൻ,അലക്‌സ് കെ.ഡാനിയേൽ,സീനിയർ ഫയർ ഓഫീസർമാരായ എൻ.കെ.സുമേഷ് ജ്യോതിഷ് കുമാർ, അഖിലൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.