നെയ്യാറ്റിൻകര: കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിന് നെയ്യാറ്റിൻകര നഗരസഭ ഓരോ വാർഡിലും പത്തു പേരടങ്ങുന്ന സാനിറ്റേഷൻ ഗ്രൂപ്പുകളെ നിയോഗിച്ചു. ഓരോ വാർഡിലെയും സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ആശാവർക്കർ, അങ്കണവാടി വർക്കർ, ഹെൽപ്പർ, ജനമൈത്രി പൊലീസ്, ഹരിതകർമ സേന, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾ എന്നിവരും പ്രവർത്തിക്കും. പൊലീസിന്റെ സഹായത്തോടെ അവശ്യസാധനങ്ങൾ വില്പന നടത്തുന്ന കടകൾ നിയന്ത്രിത രീതിയിൽ പ്രവർത്തിക്കാനും ബാക്കി എല്ലാ കടകളും അടച്ചിടാനും നഗരസഭാ അധികൃതർ നിർദേശം നൽകി. ഓട്ടോ, ടാക്‌സി എന്നിവ ഓടുന്നതിനും നിയന്ത്രണമേർപ്പെടുത്തി.അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ആശുപത്രികൾ, ചന്ത, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അണുനാശിനി ഉപയോഗിച്ച് സ്‌പ്രേയിംഗ് നടത്തി. കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി നഗരത്തിലും വാർഡ് പ്രദേശങ്ങളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ പാടില്ല. വാഹനങ്ങളുമായി പുറത്തിറങ്ങിയവരെ ഇന്നലെയും പൊലീസ് ഉപദേശിച്ച് മടക്കിവിട്ടു.