വെള്ളറട: കൊറോണ വ്യാപനവും ലോക്ക്ഡൗൺ പ്രഖ്യാപനവും കാരണം അതിർത്തി ഗ്രാമങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകുമ്പോഴും നിയന്ത്രണ സംവിധാനങ്ങളൊന്നുമില്ലാത്തതിനാലാണ് ഈ വില വർദ്ധനയെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. രോഗ ഭീഷണിയിൽ ജനം വലയുമ്പോഴാണ് കച്ചവടക്കാർ അമിത വിലയ്ക്ക് സാധനങ്ങൾ വിൽക്കുന്നത്. അരി, പയർ, പരിപ്പ്, ഉഴുന്ന്, പഞ്ചസാര, സവാള, ചെറിയ ഉള്ളി എന്നിവയ്ക്കും പച്ചക്കറികൾക്കും വില വർദ്ധിച്ചിട്ടുണ്ട്. മാർക്കറ്റുകളിലും മറ്റ് കടകളിലും ജനങ്ങൾ കൂട്ടത്തോടെയെത്തുകയും കൂടുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടും കൂടിയാണ് വില വർദ്ധനയുണ്ടായത്. തമിഴ്നാട്ടിൽ നിന്നും എല്ലാ സാധനങ്ങളും അതിർത്തി കടന്ന് എത്തുന്നുണ്ട്. ഈ വില വർദ്ധന നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ഭക്ഷ്യ വസ്തുക്കൾക്ക് മൊത്തക്കച്ചവടക്കാർ കൃത്രിമ ക്ഷാമമുണ്ടാക്കി അമിത വില ഈടാക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് നാട്ടുകാർ പറയുന്നു. കടകളിലൊന്നും തന്നെ വിലവിവര പട്ടികകൾ പ്രദർശിപ്പിച്ചിട്ടുമില്ല. ഭക്ഷ്യ വിതരണ വകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കണമെന്നും പൊതു വിപണിയിൽ വില നിയന്ത്രിക്കാൻ സർക്കാരിന്റെ ഇടപെടൽ അത്യാവശ്യമാണെന്നുമാണ് നാട്ടുകാരുടെ ആവശ്യം.